വൈദ്യുത വാഹനങ്ങളുടെ ഹരിത പാതയിലേക്ക് അതിവേഗം കേരളം
ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും മാറിനടക്കേണ്ടത് ലോകത്തിന് ഒരു ജീവന്മരണ പ്രശ്‌നമായി മാറിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മനുഷ്യാരാശിയെ അപകടത്തിലാക്കിക്കൊണ്ടിരിക്കുമ്പോള്‍ പുതിയൊരു ലോകക്രമത്തിനായി നടക്കുന്ന പരിശ്രമങ്ങളോട് കേരളവും കണ്ണിചേരുകയാണ്. ഭാവിയുടെ ഇന്ധനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇലക്ട്രിസിറ്റിയിലേക്ക് വാഹനലോകത്തെ പരിചയിപ്പിക്കാനും പരിവര്‍ത്തിപ്പിക്കാനുമുള്ള ശ്രമം കേരളം തുടങ്ങി. 2022ഓടെ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ കേരളത്തിന്റെ നിരത്തുകളിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി ഒരു വൈദ്യുത വാഹന നയം തന്നെ സംസ്ഥാനം രൂപപ്പെടുത്തിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും വൈദ്യുത വാഹനങ്ങളെത്തി. ഇന്ത്യയില്‍ ആദ്യമായി വൈദ്യുത ഓട്ടോറിക്ഷകള്‍ നിര്‍മ്മിക്കുന്ന സംസ്ഥാനമാണ് ഇന്ന് കേരളം. ഇവിടെ നിന്ന് പുറംരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും തുടങ്ങി. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് പുറത്തിറക്കിയ കേരളത്തിന്റെ സ്വന്തം ഓട്ടോറിക്ഷ ഇപ്പോള്‍ നിരത്തുകളിലുണ്ട്. ഏകദേശം 2.8 ലക്ഷം രൂപയാണ് ഒരു നീം ജി ഇലക്ട്രിക്ക് ഓട്ടോയുടെ വില. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ത...