പുനര്‍ജനിക്കുന്ന പുഴകള്‍; ചൈതന്യം വീണ്ടെടുക്കുന്ന തീരങ്ങള്‍

ആറന്മുള വള്ളംകളിക്കുള്ള കളിയോടങ്ങള്‍ പോലും കടന്നുപോയിരുന്ന വരട്ടാറിനെക്കുറിച്ച് പുതിയ തലമുറയ്ക്ക് കേട്ടറിവ് മാത്രമാണുണ്ടായിരുന്നത്. പുല്ലും കുറ്റിക്കാടും വളര്‍ന്നുപൊന്തിയ ഒരു ചാല് മാത്രമായി മാറിയിരുന്നു ഈ പുഴ. പളളിയോടങ്ങള്‍ ചതുപ്പിലൂടെ വലിച്ചു കൊണ്ടുപോകേണ്ട ഗതികേടുണ്ടായി. അനിയന്ത്രിതമായ മണലൂറ്റും നദിയുടെ ഒഴുക്കിനു കുറുകെ ഉണ്ടായ ചപ്പാത്തുകളും പാലങ്ങളുമെല്ലാം ചേര്‍ന്നാണ് ഈ പുഴയെ നശിപ്പിച്ചത്. കര്‍ഷകര്‍ കെട്ടുവള്ളങ്ങളില്‍ കരിമ്പ് കൊണ്ടുപോയിരുന്നത് ഈ പുഴയിലൂടെയായിരുന്നു. എന്നാല്‍ പുല്ല് വളര്‍ന്ന് പുഴ കാണാതായതോടെ കരിമ്പ് കൊണ്ടുപോകാന്‍ ചെലവേറിയ കരഗതാഗതത്തെ ആശ്രയിക്കേണ്ടി വന്നു അവര്‍ക്ക്. ഇത് കര്‍ഷകര്‍ക്ക് വലിയ നഷ്ടമുണ്ടാക്കി. ക്രമേണ അവര്‍ കരിമ്പു കൃഷിയില്‍ നിന്നും പിന്‍വലിഞ്ഞു. കരിമ്പിനെ ആശ്രയിച്ച് പ്രവര്‍ത്തിച്ചിരുന്ന ഷുഗര്‍ ഫാക്ടറികളുടെ പ്രവര്‍ത്തനവും നിലച്ചു. ഒരു പുഴയുടെ നാശം അതിന്റെ തീരങ്ങളിലെ സാമൂഹിക-സാമ്പത്തിക ജീവിതത്തെ നശിപ്പിക്കുന്നത് എങ്ങനെയാണെന്നുള്ളതിന്റെ മികച്ചൊരു കേസ് സ്റ്റഡിയാക്കാം വരട്ടാറിന്റെ കഥയെ.

20 വര്‍ഷത്തോളം അനക്കമില്ലാതെ കിടന്ന വരട്ടാറിന് പുനര്‍ജ്ജന്മം കൊടുക്കുകയെന്ന ആശയത്തിന് വന്‍ ജനപങ്കാളിത്തമാണ് ലഭിച്ചത്. 14 കിലോമീറ്റര്‍ നീളമുളള ആദിപമ്പയെയും വരട്ടാറിനെയും വീണ്ടെടുക്കാന്‍ രാഷ്ട്രീയ, സാമൂദായിക ഭേദചിന്തകളെല്ലാം ഒഴിവാക്കി ജനങ്ങള്‍ മുന്നിട്ടിറങ്ങി. ഒരു നാടിന്റെ മൊത്തം വൈകാരികതയെ ഏറ്റെടുത്ത ഹരിതകേരള മിഷന്‍ ഈ ദൗത്യത്തെ മനോഹരമായി പൂര്‍ത്തിയാക്കി.

ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ 412 കിലോമീറ്റര്‍ പുഴകളാണ് കേരളത്തിലെമ്പാടുമായി പുനരുജ്ജീവിപ്പിക്കപ്പെട്ടത്. 41,529 തോടുകളെയും പുനരുജ്ജീവിപ്പിച്ചു. കാനാമ്പുഴ, കുട്ടമ്പേരൂര്‍ പുഴ, കിള്ളിയാര്‍, കോലറയാര്‍, വടക്കേപുഴ, ചാലംകോട് തോട്, മുട്ടം പറപ്പ തോട്, കമ്പ്രയാര്‍, പെരുന്തോട്, പൂനൂര്‍ പുഴ, കൊട്ടാരക്കര പാണ്ടിവയല്‍ തോട്, തുടങ്ങിയ നിരവധിയായ ജലാശയങ്ങള്‍ക്കാണ് പുതിയ ജീവിതം കിട്ടിയത്.

മിക്കയിടങ്ങളിലും പുഴ നന്നായപ്പോള്‍ കരയിലെ ജീവിതങ്ങളും നന്നായി. മീനച്ചിലാര്‍-മീനന്തറയാര്‍-കോടൂരാര്‍ പുനസ്സംയോജനം സാധ്യമാക്കിയതിലൂടെ 4000ത്തിലധികം ഏക്കര്‍ ഭൂമിയിലാണ് കൃഷി ആരംഭിക്കാന്‍ കഴിഞ്ഞത്. 18,203 കുളങ്ങള്‍ നിര്‍മിക്കപ്പെട്ടു. 23,628 കുളങ്ങള്‍ നവീകരിച്ചു. ഓരോ നാടിന്റെയും ജലസംഭരണശേഷിയാണ് ഇതിലൂടെ ഉറപ്പാക്കിയത്. 1,21,81,650 ഘനമീറ്റര്‍ സംഭരണമാണ് ഉറപ്പായത്.

ചെറിയ നീര്‍ച്ചാലുകള്‍ മുതല്‍ വലിയ പുഴകളും തടാകങ്ങളും വരെയുള്ളവയ്ക്ക് ജനകീയമായ വീണ്ടെടുപ്പാണ് ഉണ്ടായത്. ഇത് അവയുടെ തുടര്‍ന്നുള്ള അതിജീവനത്തിനുള്ള കരുത്താകുകയും ചെയ്യുന്നു. 'ഇനി ഞാനൊഴുകട്ടെ' എന്ന കാമ്പയിന്‍ ഈ ജനകീയ മുന്നേറ്റത്തിന് താങ്ങായി. ഈ പരിപാടിയിലൂടെ മാത്രം 7,291 കിലോമീറ്റര്‍ ദൂരം നീര്‍ച്ചാലുകളും തോടുകളുമാണ് ശുചീകരിക്കപ്പെട്ടത്. ഈ പ്രവര്‍ത്തനങ്ങള്‍ നിരവധി പ്രദേശങ്ങളെ പ്രളയജലത്തില്‍ നിന്ന് കാക്കുകയും ചെയ്തു.

ഓരോ നാടിന്റെയും സാമ്പത്തിക ക്രയശേഷിയെ വര്‍ധിപ്പിക്കുന്നതില്‍ ജലാശയങ്ങള്‍ക്കുണ്ടായിരുന്ന പങ്കിന്റെ വീണ്ടെടുപ്പു കൂടിയായി ഇതെല്ലാം. മിക്കയിടങ്ങളിലും യുവാക്കള്‍ ഈ ജലാശയങ്ങളില്‍ മത്സ്യകൃഷിക്കിറങ്ങി. മത്സ്യകൃഷിക്ക് സാധ്യമായ സ്ഥലങ്ങളില്‍ അവയ്ക്ക് തുടക്കം കുറിക്കുക എന്നതും ദൌത്യത്തിന്റെ ഭാഗമാണ്. ജലാശയങ്ങളെ അതത് പ്രദേശങ്ങളുടെ നീന്തല്‍ പഠനകേന്ദ്രങ്ങള്‍ കൂടിയാക്കി മാറ്റി.

ജലക്ഷാമം പരിഹരിക്കുന്നതിനുള്ള മാര്‍ഗം കൂടിയാണ് ഈ ജലസംരക്ഷണ പരിപാടികള്‍. സംസ്ഥാനത്ത് ഏറ്റവുമധികം ജലക്ഷാമമുള്ള നാല് ജില്ലകളില്‍ ബന്ധാര മാതൃകയിലുള്ള ജലസംഭരണികള്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. കിഫ്ബിയുടെ ഫണ്ടും ഇതിനായി ഉപയോഗിക്കുന്നു. ഭവാനിപ്പുഴയില്‍ 13, തൂതപ്പുഴയില്‍ 6, ചന്ദ്രഗിരിയില്‍ 9, അച്ചന്‍കോവിലാറില്‍ 6, എന്നിങ്ങനെ 34 ബന്ധാരകള്‍ക്ക് അനുമതിയായിട്ടുണ്ട്.

കുടിവെള്ളത്തിന്റെ ഗുണനിലവാരം ജനങ്ങളുടെ ആരോഗ്യപരിപാലനത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കെമിസ്ട്രി ലാബിനോട് ചേര്‍ന്ന് കുടിവെള്ളത്തിന്റെ പ്രാഥമിക ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നുണ്ട്. 436 സ്‌കൂളുകളില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.  

നീര്‍ച്ചാലുകളും പുഴകളുമെല്ലാം ഓരോ നാടിന്റെയും ജീവനാഡികളാണെന്ന് പറയുന്നത് ഒരു കാല്‍പനിക പ്രസ്താവമല്ല. ജീവനില്ലാത്ത ജലാശയങ്ങള്‍ക്കരികിലെ ജീവിതങ്ങള്‍ക്ക് ചൈതന്യമുണ്ടാകില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. വീണ്ടെടുക്കപ്പെട്ട പുഴകളിലെയും തോടുകളിലെയും കരകളില്‍ മനുഷ്യജീവിതങ്ങളും അതിന്റെ ചൈതന്യം വീണ്ടെടുത്തത് ഉദാഹരണമാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്

അനുയാത്ര

കുരുക്കഴിച്ച് റോഡുകളും പാലങ്ങളും