ഓളപ്പരപ്പില്‍ തുറക്കുന്ന വഴികളും കുതിക്കുന്ന കേരളവും
സംസ്ഥാനത്തെ ജലപാതകള്‍ ടൂറിസം മേഖലയിലെ കേരളത്തിന്റെ വളര്‍ച്ചയിലേക്ക് പുതിയ വഴികള്‍ വെട്ടിത്തുറന്നിരിക്കുകയാണ്. കനോലി കനാല്‍ അടക്കമുള്ള പാതകള്‍ വലിയ സാധ്യതകളിലേക്കുള്ള വാതിലുകളാണ്. ജലഗതാഗതവകുപ്പിന്റെ ടൂറിസം മേഖലയിലേക്കുള്ള കടന്നുവരവിന് ഈ തിരിച്ചറിവുകളുടെ പശ്ചാത്തലമുണ്ട്. ഈ വഴിയില്‍ ഏറെ വിജയം കൈവരിച്ച ഒരു പദ്ധതിയാണ് 'സീ കുട്ടനാട്' പദ്ധതി. വളരെ ചുരുങ്ങിയ ചെലവില്‍ കുട്ടനാടിനെ കാണാനും ആസ്വദിക്കാനുമുള്ള സൗകര്യമാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ഒരുക്കിയത്. പൊതു ജലഗതാഗത സംവിധാനത്തിനൊപ്പം തന്നെ വിനോദ സഞ്ചാരികള്‍ക്ക് കുട്ടനാടിനെ ആസ്വദിക്കാനുള്ള അവസരമൊരുക്കുന്നതായിരുന്നു സീ കുട്ടനാട്. ഇതിന്റെ ഭാഗമായി കോട്ടയം-ആലപ്പുഴ-കുമരകം റൂട്ടില്‍ അതിവേഗ പാസഞ്ചര്‍ കം ടൂറിസ്റ്റ് ബോട്ട് സര്‍വീസ് 'വേഗ 2' എന്ന പേരില്‍ ആരംഭിച്ചു. ഇതേ മാതൃകയില്‍ തന്നെ അഷ്ടമുടിക്കായലിലും 'സീ അഷ്ടമുടി' എന്ന പേരില്‍ പദ്ധതി ആരംഭിക്കുന്നു. കണ്ണൂര്‍ പറശ്ശിനിക്കടവില്‍ ടൂറിസം ആവശ്യങ്ങള്‍കൂടി ഉള്‍പ്പെടുത്തി ബോട്ട് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.
ജലഗതാഗത മേഖലയെ ഏറെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണിതെല്ലാം. രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ വാട്ടര്‍ ടാക്‌സി ആരംഭിച്ചത് കേരളത്തിലാണ്. 24 മണിക്കൂറും സേവനം ലഭിക്കുന്ന തരത്തില്‍ കേരളത്തില്‍ ആദ്യമായി വാട്ടര്‍ ആംബുലന്‍സ് സര്‍വീസും ആരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ യാത്രാ ബോട്ട് 'ആദിത്യ' വൈക്കം-തവണക്കടവ് റൂട്ടില്‍ സര്‍വീസ് ആരംഭിച്ചു. ഇപ്പോള്‍ ലോകത്തെ ഏറ്റവും മികച്ച വൈദ്യുത ബോട്ടെന്ന ഖ്യാതിയും ആദിത്യയെ തേടിയെത്തിയിരിക്കുന്നു.
കെഎസ്ആര്‍ടിസിയുടെ പുനരുജ്ജീവനം ആഗ്രഹിക്കാത്ത കേരളീയരില്ല. ഏറെ ക്രിയാത്മകമായ നടപടികളാണ് ഈ വഴിക്ക് സംസ്ഥാന സര്‍ക്കാര്‍ ചെയ്തുവരുന്നത്. ഇവയിലൊന്നാണ് സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനിയുടെ രൂപീകരണം സംബന്ധിച്ച തീരുമാനം. സിഎന്‍ജി, എല്‍എന്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഉപയോഗിച്ച് കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നതിനായാണ് ഈ സ്വതന്ത്ര കമ്പനി രൂപീകരിക്കപ്പെട്ടത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം, പെന്‍ഷന്‍. എന്നിവ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 5000 കോടി രൂപ ധനസഹായം നല്‍കി.
മോട്ടോര്‍വാഹന വകുപ്പിനെ ആധുനികീകരിക്കുന്നതിനുള്ള പരിപാടികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. വകുപ്പിന്റെ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ മുഖാന്തിരമാക്കിയിട്ടുണ്ട് ഇതിനകം. രാത്രികാലങ്ങളില്‍ തുടര്‍ച്ചയായി ഡ്രൈവ് ചെയ്യുന്നവര്‍ അനുഭവിക്കുന്ന ദുരിതങ്ങളെ ഇതുവരെ ആരും അഭിസംബോധന ചെയ്തിട്ടില്ല. ഡ്രൈവര്‍മാര്‍ അനുഭവിക്കുന്ന ഈ പ്രയാസങ്ങളാണ് അവരെ അപകടങ്ങളിലേക്ക് എത്തിക്കുന്നത്. റോഡരികുകളില്‍ അല്‍പമൊന്ന് വിശ്രമിക്കാനും മറ്റും സൗകര്യങ്ങളുണ്ടാക്കുന്നത് ഇത്തരം അപകടങ്ങളെ കുറയ്ക്കാന്‍ സഹായിക്കുമെന്ന കാഴ്ചപ്പാട് സര്‍ക്കാരിനുണ്ട്. ഈ വഴിക്കുള്ള ഗൗരവമായ ആലോചനകളും നടക്കുന്നുണ്ട്. റോഡപകടങ്ങള്‍ കുറയ്ക്കാനായി സേഫ് കേരള പദ്ധതിയും സര്‍ക്കാര്‍ കൊണ്ടുവന്നു. 24 മണിക്കൂറും പട്രോളിങ് നടത്തുന്നതിനായി 85 എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ഇതിനായി 262 തസ്തികകളും സൃഷ്ടിച്ചു. ഇന്ത്യയില്‍ ആദ്യമായി മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി രൂപീകരിക്കാന്‍ നിയമനിര്‍മാണം നടന്നത് കേരളത്തിലാണ്. 2020 നവംബര്‍ 1ന് കൊച്ചി മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിലവില്‍ വന്നു. ഗതാഗത രംഗത്ത് കേരളത്തിന്റെ ഇപ്പോഴത്തെ സഞ്ചാരം ശരിയായ ദിശയില്‍ അതിവേഗത്തിലാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ