മാലിന്യമില്ലാത്ത പാതകളിലേക്ക് വഴികാട്ടുന്ന ഹരിത കേരളം

കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടന ഒരുകാലത്ത് പരിമിതിയായാണ് കണക്കാക്കപ്പെട്ടിരുന്നത്. പശ്ചിമഘട്ടത്തില്‍ നിന്നും ചെങ്കുത്തായി കടലിലേക്ക് ചാഞ്ഞുകിടക്കുന്ന ഈ ഭൂമിയില്‍ കൃഷിയും വ്യവസായവും വാഴില്ലെന്ന് തീര്‍പ്പ് കല്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ പരിമിതിയെ ഒരു നേട്ടമാക്കി മാറ്റി കേരളം മറികടക്കുന്ന അതിജീവനത്തിന്റെ കാഴ്ചയാണ് പിന്നീട് കണ്ടത്. പ്രകൃതിയില്‍ ഹാനികരമായ ഇടപെടല്‍ നടത്തുന്ന വ്യവസായങ്ങള്‍ക്കു പകരം പ്രകൃതിക്കൊപ്പം അതിജീവിക്കാന്‍ സാധ്യത നല്‍കുന്ന ടൂറിസത്തിലൂടെ കേരളം ലോകത്തെ അഭിസംബോധന ചെയ്തു.

ടൂറിസം വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഏതൊരു പ്രദേശവും നേരിടുന്ന വെല്ലുവിളികള്‍ കേരളവും നേരിടുന്നുണ്ട്. അവയിലൊന്നാണ് മാലിന്യ പ്രശ്‌നം. നാറുന്ന നഗരങ്ങള്‍ക്കും, കോഴിവേസ്റ്റുകള്‍ കുമിഞ്ഞു കൂടിയ കുറ്റിക്കാടുകള്‍ക്കുമിടയിലൂടെയുള്ള സഞ്ചാരം ഏതൊരു പ്രകൃതിസ്‌നേഹിക്കും സഹിക്കാവുന്ന കാര്യമായിരുന്നില്ല. ഇതിനെല്ലാമൊടുവില്‍ ചെന്നെത്തുന്ന ടൂറിസം ഡെസ്റ്റിനേഷനുകളിലും കുമിഞ്ഞുകൂടിയ മാലിന്യങ്ങളാണ് സന്ദര്‍ശകരെ സ്വീകരിച്ചിരുന്നത്. ഈ സ്ഥിതിയില്‍ ഒരു മാറ്റം വരുത്തുകയെന്നതായിരുന്നു കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഹരിതകേരള മിഷന്റെ ദൗത്യങ്ങളിലൊന്ന്. ജനങ്ങളുടെ മനോഭാവത്തില്‍ വരുത്തേണ്ട സാംസ്‌കാരികമായ മാറ്റങ്ങള്‍ക്കൊപ്പം, ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും തദ്ദേശഭരണസ്ഥാപനങ്ങളെയും ഏജന്‍സികളെയും സന്നദ്ധ പ്രവര്‍ത്തകരെയുമെല്ലാം ഉള്‍ക്കൊള്ളിച്ചുള്ള വിശാലമായ ഒരു മുന്നേറ്റത്തെ രൂപപ്പെടുത്തുകയും വേണമായിരുന്നു.

'വഴികാട്ടാന്‍ വാഗമണ്‍' എന്ന പദ്ധതി ഇതിനൊരു ആവേശപൂര്‍ണമായ തുടക്കമിട്ടു. ടൂറിസം, വനം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളും മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കുടുംബശ്രീ മിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നീ ഏജന്‍സികളും ചേര്‍ന്നുള്ള ഒരു മുന്നേറ്റമായിരുന്നു ഇത്. 2019ലെ ഗാന്ധിജയന്തി ദിനത്തില്‍ കോലാഹലമേട്, പുള്ളിക്കാനം, വാഗമണ്‍ വാര്‍ഡുകളിലായി പരന്നു കിടക്കുന്ന മൊട്ടക്കുന്ന് അടക്കമുള്ള പ്രദേശങ്ങളില്‍ ആയിരത്തഞ്ഞൂറോളം പേരെ അണിനിരത്തിയുള്ള ഒരു വന്‍ ശുചീകരണ പരിപാടി സംഘടിപ്പിക്കുകയുണ്ടായി.

മലയാളികളുടെ ജീവിതശൈലിയോടുള്ള ഒരു പ്രധാന വിമര്‍ശനമായിരുന്നു പരിസര ശുചിത്വമില്ലായ്മ. സര്‍ക്കാരിന്റെ എല്ലാത്തരം ആരോഗ്യപരിപാലന പരിപാടികളോടും ഏറ്റവും അനുകൂലമായി പ്രതികരിക്കുന്ന സമൂഹമാണ് കേരളത്തിന്റേത്. ഇന്ത്യയില്‍ത്തന്നെ ഇത്തരമൊരു സാമൂഹികാവസ്ഥ കാണാന്‍ കഴിയില്ല. എന്നാല്‍, അടുത്തുള്ള പറമ്പിലേക്കും വഴിയോരങ്ങളിലെ കുറ്റിക്കാടുകളിലേക്കും മാലിന്യം വലിച്ചെറിഞ്ഞ് എളുപ്പത്തില്‍ വൃത്തിയുള്ളവരായി മാറുമായിരുന്നു മലയാളി. കടുത്ത സാമൂഹ്യവിമര്‍ശനങ്ങളിലൂടെയും സര്‍ക്കാര്‍ സംവിധാനങ്ങളും മുന്നിട്ടിറങ്ങിയുള്ള ഇടപെടലുകളിലൂടെയും ഇതില്‍ സാരമായ മാറ്റം വരുത്താന്‍ സാധിക്കുകയുണ്ടായി.

ജൈവ-അജൈവ മാലിന്യങ്ങള്‍ കുന്നുകൂടിയ കേരളത്തെ അതില്‍നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത കര്‍മ സേനയുടെ രൂപീകരണം നടക്കുന്നത്. അജൈവ മാലിന്യ ശേഖരണത്തിനായി സംസ്ഥാനത്തെ 1033 തദ്ദേശ സ്ഥാപനങ്ങളില്‍ ഹരിതകര്‍മ്മസേന രൂപീകരിച്ചു. നിലവില്‍ 805 സ്ഥാപനങ്ങളിലായി 28632 പേര്‍ അടങ്ങുന്ന ഹരിതകര്‍മ്മ സേന ആവോശകരമായ പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നത്. കേരളത്തിന് അതിന്റെ ജൈവസൌന്ദര്യം തിരികെ നേടിക്കൊടുക്കാന്‍ ഇത്രയുമാളുകള്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്നു. അജൈവ മാലിന്യം ശേഖരിക്കുന്നതിനായി 1339 മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മാലിന്യങ്ങള്‍ തരംതിരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും വേണ്ടി 162 റിസോഴ്‌സ് റിക്കവറി സൌകര്യവും പ്രവര്‍ത്തിക്കുന്നുണ്ട്.

മാലിന്യനിര്‍മാര്‍ജ്ജനമെന്നത് അടിത്തട്ടില്‍ നിന്നു തന്നെ തുടങ്ങേണ്ട ഒരു കാര്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഇതില്‍ വലിയ സംഭാവന നല്‍കാനാവുക. ഇത് തിരിച്ചറിഞ്ഞുള്ള നീക്കങ്ങളാണ് ഹരിതകേരള മിഷന്റെ ഭാഗത്തു നിന്നുണ്ടായത്. 15,358 മാലിന്യ സംസ്‌കരണ പ്രോജക്ടുകളാണ് തദ്ദേശ സ്ഥാപനങ്ങളിലൂടെ നടപ്പാക്കിയത്. ഇതിലൂടെയുണ്ടാക്കിയ നേട്ടം അതിവിപുലമാണെന്നു തന്നെ പറയാം. ജൈവമാലിന്യത്തിന്റെ 45% ഉറവിട മാലിന്യ സംസ്‌കരണ സംവിധാനത്തിലൂടെ ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. 1,419 സ്ഥാപനതല ബയോഗ്യാസ് പ്ലാന്റുകള്‍ ഇതുവഴി സ്ഥാപിക്കപ്പെട്ടു. 97 കമ്മ്യൂണിറ്റിതല ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിക്കപ്പെട്ടു.

പ്ലാസ്റ്റിക് മാലിന്യങ്ങളെ പുനരുപയോഗത്തിന് വിധേയമാക്കുന്നതിനുള്ള നീക്കങ്ങളും വലിയതോതില്‍ നടപ്പാക്കപ്പെട്ടു. 2023.34 കിലോമീറ്റര്‍ റോഡുകളില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ആര്‍. ആര്‍. എഫുകളില്‍ പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിച്ച് ടാറിങ് നടത്തി. കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെയും അനുഭവമായി മാറിയിട്ടുണ്ട്. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിഷല്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ ഹരിതകേരള മിഷന്‍ മുന്‍കൈയെടുക്കുകയുണ്ടായി. ഉത്സവങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കി വരുന്നു. 10,010 സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാനായി.

47,91,318 വീടുകളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ നേരിട്ട് ശേഖരിക്കുന്നുണ്ട്. സ്‌കൂളുകളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരണം നടത്തുന്നുണ്ട്. പ്രളയാനന്തര മാലിന്യങ്ങളുടെ ശേഖരണം ഏറെ ആവേശകരമായ ഫലമാണുണ്ടാക്കിയത്. 26,656.485 മെട്രിക് ടണ്‍ മാലിന്യങ്ങളാണ് ശേഖരിക്കപ്പെട്ടത്.

കേരളം എല്ലാക്കാലത്തും നിരവധി കാര്യങ്ങളില്‍ രാജ്യത്തിന് മാതൃകയായിരുന്നിട്ടുണ്ട്. മാലിന്യ നിര്‍മാര്‍ജനത്തിന്റെ കാര്യത്തിലും കേരളം രാജ്യത്തിന് വഴികാട്ടുമെന്ന് ആത്മവിശ്വാസത്തോടെ നമുക്ക് പറയാവുന്നതാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്

കുരുക്കഴിച്ച് റോഡുകളും പാലങ്ങളും

കെ ഫോണ്‍ പദ്ധതി