കാര്‍ഷിക മുന്നേറ്റവും പ്രതീക്ഷയുടെ പച്ചത്തുരുത്തുകളും

കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത വന്‍തോതിലുള്ള കൃഷിക്ക് ഒരുകാലത്തും സാധ്യത നല്‍കിയിരുന്നില്ല. കൃഷിയും വിളവും ഏറെ വര്‍ധിച്ചിട്ടുണ്ടെങ്കിലും പച്ചക്കറികള്‍ക്കും ധാന്യങ്ങള്‍ക്കും പണ്ടെന്ന പോലെ ഇന്നും നമ്മള്‍ അയല്‍സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. കേരളം നാണ്യവിളകളില്‍ കാര്യമായി ശ്രദ്ധ ചെലുത്തി. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനു കീഴില്‍ കൊണ്ടും കൊടുത്തുമുള്ള ഒരു രീതിയില്‍ നാം ഇക്കാലമത്രയും പുലര്‍ന്നു. എങ്കിലും ഭക്ഷ്യസ്വയംപര്യാപ്തത എന്നത് ഏത് സമൂഹത്തിന് ഒരാവശ്യം തന്നെയാണ്. ഈ ആവശ്യത്തെ ജനകീയമായ ആവശ്യമാക്കി മാറ്റാനുള്ള അധ്വാനത്തിലാണ് ഹരിതകേരളം മിഷന്‍.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും കൃഷി വകുപ്പിനെയുമെല്ലാം കൂട്ടുപിടിച്ച് കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ കാതലായ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ പ്രത്യക്ഷമാണ് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍. വര്‍ഷങ്ങളായി തരിശു കിടന്നിരുന്ന നിലങ്ങളിലെല്ലാം കൃഷി തുടങ്ങിയിരിക്കുന്നു. തരിശ് രഹിത ഗ്രാമ പദ്ധതിയാണ് ഈ മാറ്റമുണ്ടാക്കിയത്. 89 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇതിനകം തരിശ് രഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. 277 ഗ്രാമപഞ്ചായത്തുകളിലായി 1314 വാര്‍ഡുകളെ ഹരിതസമൃദ്ധി വാര്‍ഡായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞു.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കൃഷിയിലേക്ക് ക്ഷണിക്കുന്ന പദ്ധതികള്‍ക്ക് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. നിരവധി സ്‌കൂളുകളും ഐടിഐകളും ഹരിത കാമ്പസുകളായി മാറി. വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലും കൃഷി പ്രോത്സാഹിപ്പിക്കുന്നുണ്ട്. 9 ജില്ലകളിലായി 34 സ്ഥാപനങ്ങളില്‍ കൃഷി ആരംഭിച്ചു.

കൃഷിനിലങ്ങളെ കാക്കുന്ന ദേവതകള്‍ കേരളത്തിലെമ്പാടും കാണാം. കാര്‍ഷിക നിലങ്ങള്‍ക്കരികിലുള്ള ക്ഷേത്രങ്ങള്‍ക്ക് തങ്ങളുടെ കീഴിലുള്ള നിലങ്ങളെ മുന്‍കാലങ്ങളിലെന്ന പോലെ സമൃദ്ധിയിലേക്കെത്തിക്കാനുള്ള ഒരു സാധ്യതയും ഹരിതകേരളം മിഷന്‍ തുറന്നിട്ടു. ഇതനുസരിച്ച് 1,428 ക്ഷേത്രങ്ങളുടെ തരിശുനിലങ്ങളില്‍ പച്ചക്കറികള്‍, ക്ഷേത്രാവശ്യങ്ങള്‍ക്കാവശ്യമായ പൂക്കള്‍, ഔഷധസസ്യങ്ങള്‍, കരനെല്ല്, ഫലവൃക്ഷങ്ങള്‍ തുടങ്ങിയവ നട്ടുവളര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. 'ദേവഹരിതം' എന്ന പേരിലുള്ള ഈ പദ്ധതി ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ 3000 ഏക്കര്‍ ഭൂമിയിലാണ് നടപ്പായിട്ടുള്ളത്. വടക്കന്‍ കേരളത്തിലെ ചില ക്ഷേത്രങ്ങളിലും ഇത് ആരംഭിച്ചിട്ടുണ്ട്.

ഗ്രാമങ്ങളെ കാര്‍ഷികവൃത്തിയിലേക്ക് എത്തിക്കുന്നതിലൂടെ ഭക്ഷ്യ സ്വയംപര്യാപ്തത നേടുകയെന്ന ആലോചനയുടെ ഭാഗമായി പലയിടങ്ങളിലും നൂതനമായ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. അവയിലൊന്നാണ് കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍-കല്ല്യാട് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും 10 വീതം തൈകള്‍ വളര്‍ത്തി മൊത്തം ഒരു ലക്ഷം തൈകള്‍ വളര്‍ത്തുന്ന പദ്ധതി. പച്ചത്തുരുത്ത് എന്നാണ് ഫലവൃക്ഷങ്ങള്‍ വളര്‍ത്തുന്ന ഈ പദ്ധതിയുടെ പേര്.

പച്ചത്തുരുത്ത് പദ്ധതിയിലൂടെ 1000 പച്ചത്തുരുത്തുകള്‍ സംസ്ഥാനത്തെമ്പാടുമായി സൃഷ്ടിക്കാനാണ് പരിപാടി. ഏതാണ്ട് ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്താകെ 1,686 പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. 658 തദ്ദേശസ്ഥാപനങ്ങളിലായി 529 ഏക്കറില്‍ വൃക്ഷത്തൈകളും കുറ്റിച്ചെടികളും വള്ളിച്ചെടികളും ജൈവവേലിയും നട്ടുപിടിപ്പിച്ചു.

കള വളര്‍ന്നുമുറ്റിയ നെല്‍പ്പാടങ്ങളിലേക്ക് യുവാക്കളെ എത്തിക്കുകയെന്നത് ഏറെക്കുറെ സാധിച്ചു കഴിഞ്ഞിട്ടുണ്ട്. വലിയ തോതില്‍ തൊഴിലവസരങ്ങളും സംരംഭകത്വ സാധ്യതകളും നിലനില്‍ക്കുന്ന ഒരു മേഖലയാണ് ഈ തരിശുനിലങ്ങളെ മാറ്റിത്തീര്‍ക്കുന്നതിലൂടെ വളരാന്‍ പോകുന്നത്. സംസ്ഥാന വരുമാനത്തിന്റെ 11.6 ശതമാനം കാര്‍ഷിക മേഖലയില്‍ നിന്നാണെന്നാണ് കണക്ക്. വലിയ തോതില്‍ വരുമാനമുണ്ടാക്കാനുള്ള സ്രോതസ്സുകൂടിയാണ് സംസ്ഥാനത്തെമ്പാടും തരിശായിക്കിടക്കുന്നതെന്ന് കാണാന്‍ കഴിയും. യന്ത്രവല്‍ക്കരണത്തിലൂടെയും ശാസ്ത്രീയമായ കൃഷിരീതികളിലൂടെയും നിലവിലെ വെല്ലുവിളികളെയെല്ലാം എളുപ്പത്തില്‍ മറികടക്കാവുന്നതാണ്.

രാസവളങ്ങളുടെ അമിതോപയോഗമില്ലാത്ത പച്ചക്കറികള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും വലിയതോതില്‍ ആവശ്യക്കാരുണ്ട് ഇന്ന് കേരളത്തില്‍. ഇത് ഇനിയും വളര്‍ന്നുവരുമെന്നതിലും സംശയിക്കേണ്ടതില്ല. കേരളത്തിനു പുറത്തുനിന്നെത്തുന്ന പച്ചക്കറികളുടെയും മറ്റും വളര്‍ത്തുരീതികള്‍ എന്തെന്ന് അറിയാനോ അതില്‍ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങളേര്‍പ്പെടുത്താനോ നാം നിസ്സഹായരാണ്. ഈ സാഹചര്യവും കൃഷിയിലേക്ക് ഇറങ്ങിവരുന്ന യുവാക്കള്‍ക്ക് അനുകൂലമായ ഘടകങ്ങളിലൊന്നാണ്. മികവുള്ള ഒരു വിപണി അവരെ കാത്തിരിക്കുന്നുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്

കുരുക്കഴിച്ച് റോഡുകളും പാലങ്ങളും

കെ ഫോണ്‍ പദ്ധതി