ആദ്യ ഓപ്പണ്‍ സര്‍വകലാശാലയും ഉന്നത വിദ്യാഭ്യാസ മേഖലയുടെ കുതിപ്പും
എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതായിരുന്നു വിദൂരവിദ്യാഭ്യാസ പരിപാടികള്‍ക്കു പിന്നിലെ ആശയം. ഇതിലൂടെ വിദൂരതയിലിരുന്ന് ധാരാളം പേര്‍ വിദ്യാഭ്യാസം നേടിയെങ്കിലും അവയുടെ ഗുണനിലവാരം സംബന്ധിച്ച് പ്രസ്തുത കോഴ്സുകള്‍ നടത്തുന്നവര്‍ക്കു തന്നെ സന്ദേഹമുള്ള കാലമുണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഇത്തരം പരിമിതികളെ മറികടക്കാന്‍ വിദൂരവിദ്യാഭ്യാസ രംഗത്തിന് സാധിച്ചു. ചില വിദൂര സ്ഥാപനങ്ങളുടെ കോഴ്സുകളുടെ ഗുണനിലവാരത്തിന് മറ്റേതൊരു സര്‍വകലാശാലയുടെ കോഴ്സുകളുടെയും ഒപ്പമോ, പലപ്പോഴും അവയ്ക്കു മീതെയോ നില്‍ക്കാനുള്ള ശേഷിയുണ്ടായി. കേരളത്തില്‍ വിവിധ സര്‍വകലാശാലകള്‍ക്കു കീഴില്‍ ഇത്തരം കോഴ്സുകള്‍ വര്‍ഷങ്ങളായി നടത്തി വന്നിരുന്നതാണ്. റെഗുലര്‍ കോഴ്സുകള്‍ക്കൊപ്പം വിദൂര കോഴ്സുകള്‍ കൂടി നടത്തണമെങ്കില്‍ 3.4 ഗ്രേഡ് കൂടിയേ തീരൂ എന്ന യുജിസിയുടെ നിബന്ധന വന്നതോടെയാണ് പ്രത്യേക ഓപ്പണ്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത് അനിവാര്യമായിത്തീര്‍ന്നത്.
പുതിയ സര്‍വ്വകലാശാലയുടെ വരവോടെ സംസ്ഥാന വിദൂര വിദ്യാഭ്യാസത്തിന് ഏകീകൃതമായ ഒരു ചട്ടക്കൂട് വരികയാണ്. റെഗുലര്‍ കോഴ്സുകള്‍ക്കൊപ്പം വിദൂര കോഴ്സുകള്‍ നടത്തുന്നതിന്റെ പരിമിതികളെ ഇത് മറികടക്കുന്നു. സമര്‍പ്പിതമായ ഒരു സംവിധാനത്തിലൂടെ കൂടുതല്‍ മികവിലേക്ക് സഞ്ചരിക്കുകയെന്നതാണ് ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഈ നീക്കത്തിന് സാധിക്കുമെന്നതില്‍ സംശയമില്ല.
ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ്, സയന്‍സ്, ലാംഗ്വേജസ്, ബിസിനസ് സ്റ്റഡീസ് ആന്‍ഡ് പബ്ലിക് പോളിസി, കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഇന്റര്‍ഡിസിപ്ലിനറി ആന്‍ഡ് ട്രാന്‍സ്ഡിസിപ്ലിനറി സ്റ്റഡീസ്, വൊക്കേഷനല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്, ലോ ആന്‍ഡ് ബിസിനസ് സ്റ്റഡീസ്, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ് എന്നിങ്ങനെ ഒമ്പത് പഠന സ്‌കൂളുകളാണ് തുടക്കത്തില്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നടക്കുന്നത്.
വിദ്യാഭ്യാസമാണ് സാമൂഹികവളര്‍ച്ച കൈവരിക്കാന്‍ ആവശ്യമെന്ന തത്വം ഉയര്‍ത്തിപ്പിടിച്ച ഗുരുവിന്റെ പേരിലുള്ള ഈ സര്‍വ്വകലാശാലയുടെ സ്ഥാപനം കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ നവീകരിക്കുമെന്നതില്‍ തര്‍ക്കത്തിന് സാധ്യതയില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് ശക്തമായ ഇടപെടലുകളാണ് സമീപവര്‍ഷങ്ങളില്‍ നടന്നിട്ടുള്ളത്. മലയാളം സര്‍വ്വകലാശാലയ്ക്കും സാങ്കേതിക സര്‍വ്വകലാശാലയ്ക്കും സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. കിഫ്ബി പദ്ധതിയിലൂടെ വകുപ്പിനു കീഴിലെ വിവിധ കോളേജുകളില്‍ 570 കോടി രൂപ ചെലവിട്ട് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളും അന്തിമഘട്ടത്തിലാണ്.
സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ആയിരത്തോളം പുതിയ തസ്തികകളാണ് സൃഷ്ടിക്കപ്പെട്ടത്. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ ഉണര്‍വേകുന്ന നിരവധി ആധുനിക കോഴ്സുകള്‍ അനുവദിക്കുകയും ചെയ്തു. വകുപ്പിനു കീഴില്‍ 70 കോടിയോളം രൂപ ചെലവിട്ട് നടപ്പിലാക്കിയ വിവിധ അടിസ്ഥാന സൗകര്യങ്ങളുടെ ഉദ്ഘാടനം 2020 ഒക്ടോബര്‍ മാസത്തില്‍ നടക്കുകയുണ്ടായി. സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് എന്നിവരുടെ സേവന കാലാവധി നിശ്ചയിച്ച് നിയമം കൊണ്ടുവന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിവിധ സര്‍വ്വകലാശാലകളിലെ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തുടങ്ങിയ ചില തസ്തികളിലെ നിയമനം പിഎസ്സിക്ക് വിട്ടതാണ് മറ്റൊരു പ്രധാന നീക്കം.
വിവിധ കോളേജ് പ്രതിനിധികളെ സംഘടിപ്പിച്ച് പ്രോ-സബ്മിറ്റ് എന്ന പേരില്‍ രണ്ടുതവണ സ്റ്റുഡന്റ്സ് കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കുകയുണ്ടായി. വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളുടെ നേതൃത്വപരമായ ശേഷികള്‍ വര്‍ധിപ്പിക്കുകയെന്നതിന് പ്രത്യേകം ഊന്നല്‍ കൊടുക്കാന്‍ ശ്രദ്ധിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചയെന്നാല്‍ പഠിതാക്കള്‍ക്ക് നേതൃത്വം കൊടുക്കുന്നവരുടെ വളര്‍ച്ചയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത് എന്ന കാഴ്ചപ്പാടോടെയായിരുന്നു പ്രവര്‍ത്തനം. ഇതിന്റെ ഭാഗമായി സര്‍വകലാശാലാ യൂണിയന്‍ ചെയര്‍പേഴ്സണ്‍മാരുടെ നേതൃത്വപരമായ ശേഷികള്‍ വര്‍ധിപ്പിക്കുന്നതിനായി ലീഡ് ഇന്‍ഡക്ഷന്‍ ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി അവരെ വിദേശത്തേക്ക് അയച്ച് പരിശീലനം നല്‍കുകയുണ്ടായി.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ വളര്‍ച്ചയിലേക്ക് കൊണ്ടുപോകാന്‍ ഉതകുന്ന നിരവധി പരിപാടികളാണ് നടന്നുകൊണ്ടിരിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ