വൈദ്യുത വാഹനങ്ങളുടെ ഹരിത പാതയിലേക്ക് അതിവേഗം കേരളം

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നും മാറിനടക്കേണ്ടത് ലോകത്തിന് ഒരു ജീവന്മരണ പ്രശ്‌നമായി മാറിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മനുഷ്യാരാശിയെ അപകടത്തിലാക്കിക്കൊണ്ടിരിക്കുമ്പോള്‍ പുതിയൊരു ലോകക്രമത്തിനായി നടക്കുന്ന പരിശ്രമങ്ങളോട് കേരളവും കണ്ണിചേരുകയാണ്. ഭാവിയുടെ ഇന്ധനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇലക്ട്രിസിറ്റിയിലേക്ക് വാഹനലോകത്തെ പരിചയിപ്പിക്കാനും പരിവര്‍ത്തിപ്പിക്കാനുമുള്ള ശ്രമം കേരളം തുടങ്ങി. 2022ഓടെ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ കേരളത്തിന്റെ നിരത്തുകളിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി ഒരു വൈദ്യുത വാഹന നയം തന്നെ സംസ്ഥാനം രൂപപ്പെടുത്തിക്കഴിഞ്ഞു. 

ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും വൈദ്യുത വാഹനങ്ങളെത്തി. ഇന്ത്യയില്‍ ആദ്യമായി വൈദ്യുത ഓട്ടോറിക്ഷകള്‍ നിര്‍മ്മിക്കുന്ന സംസ്ഥാനമാണ് ഇന്ന് കേരളം. ഇവിടെ നിന്ന് പുറംരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും തുടങ്ങി. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് പുറത്തിറക്കിയ കേരളത്തിന്റെ സ്വന്തം ഓട്ടോറിക്ഷ ഇപ്പോള്‍ നിരത്തുകളിലുണ്ട്. ഏകദേശം 2.8 ലക്ഷം രൂപയാണ് ഒരു നീം ജി ഇലക്ട്രിക്ക് ഓട്ടോയുടെ വില. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും 2 കിലോ വാട്ട് ഇലക്ട്രിക്ക് മോട്ടോറുമാണ് ഇ-ഓട്ടോയുടെ കരുത്ത്.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇ-ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 30,000 രൂപയുടെ സബ്‌സിഡിയും നല്‍കുന്നു. പ്രകൃതി സൗഹൃദ വാഹനനയത്തിന്റെ ഭാഗമായാണിത്. വാഹനങ്ങളുടെ രേഖകള്‍ നല്‍കിയാല്‍ ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ ഓഫീസില്‍നിന്നു നേരിട്ടാണ് 30,000 രൂപ നല്‍കുക. റോഡ് നികുതിയിനത്തില്‍ 50 ശതമാനം ഇളവുമുണ്ട്. 

അക്ഷയ ഊര്‍ജ്ജ ഗവേഷണങ്ങള്‍ക്കായി സ്ഥാപിക്കപ്പെട്ട സാങ്കേതിക ഗവേഷണ സ്ഥാപനമാണ് അനര്‍ട്ട്. സംസ്ഥാന ഊര്‍ജ്ജ വകുപ്പിന് കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ നിരവധി പദ്ധതികള്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി അനര്‍ട്ട് നടപ്പാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ ഗവേണന്‍സ് പദ്ധതി പ്രകാരം 58 ഇലക്ട്രിക് കാറുകളാണ് നല്‍കിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ കൊണ്ടുവന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളുടെ കൂട്ടത്തില്‍ കേരളവുമുണ്ട് എന്ന ബോധ്യത്തോടെയാണ് സര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്

അനുയാത്ര

കുരുക്കഴിച്ച് റോഡുകളും പാലങ്ങളും