അതിഥികളേയും തൊഴിലാളികളേയും കൂടെ നിര്‍ത്തി പുതിയ തൊഴില്‍ നയം

പ്രവാസത്തിന്റെയും പ്രവാസികളുടെയും വേദനകളുടെ കത്തുപാട്ടുകള്‍ ഏറെ കേട്ടവരും പാടിയവരുമാണ് മലയാളികള്‍. കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ തങ്ങളെത്തന്നെ കാണാന്‍ മലയാളികള്‍ക്ക് എളുപ്പം സാധിക്കുന്നതും അതുകൊണ്ടാണ്. അങ്ങനെയാണ് അവര്‍ അതിഥി തൊഴിലാളികളാകുന്നതും. അവരുടെ അരക്ഷിതബോധത്തിന്റെ ആഴം കുറയ്ക്കുക എന്നത് മലയാളി ഉണ്ടുകൊണ്ടിരിക്കുന്ന ചോറിനോടുള്ള നന്ദിയുടെ പ്രകാശനം കൂടിയാണ്. ഇക്കാരണത്താല്‍ തന്നെയാണ് മറ്റൊരു സംസ്ഥാനത്തിനും തോന്നാത്ത ഒരാശയം കേരളത്തിന്റെ മനസ്സിലുദിച്ചത്. അതിഥി തൊഴിലാളികള്‍ക്ക് കൂടൊരുക്കുക എന്നതായിരുന്നു അത്.

പശ്ചിമബംഗാള്‍, ഒഡിഷ, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, അസം, ബിഹാര്‍, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെ ഭൂരിപക്ഷം അതിഥി തൊഴിലാളികളും എത്തിയിരിക്കുന്നത്. ഇവര്‍ക്കുവേണ്ടി രാജ്യത്തെ ആദ്യ ഹോസ്റ്റല്‍ സംവിധാനം പാലക്കാട് കഞ്ചിക്കോട് തയ്യാറായി. 620 കിടക്ക സൗകര്യവും കുടിവെള്ളം, ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കള, ഡെയ്‌നിങ് ഹാള്‍, എന്നിവയുള്ള ഈ ഹോസ്റ്റലുകളില്‍ ഒരു മുറിയില്‍ 10 പേര്‍ക്കു ഉറങ്ങാനുള്ള സൗകര്യമുണ്ട്. ഭക്ഷണ പാകത്തിന് ഗ്യാസ് കണക്ഷന്‍ സൗജന്യമായാണ് നല്‍കിയത്. കോഴിക്കോട് കിനാലൂരിലെ വ്യവസായ എസ്റ്റേറ്റില്‍ 520 കിടക്ക സൗകര്യമുള്ള ഒരു ഹോസ്റ്റല്‍ കൂടി ഒരുങ്ങുന്നുണ്ട്. കളമശ്ശേരിയിലെ കിന്‍ഫ്രാപാര്‍ക്കിലാണ് മൂന്നാമത്തെ താമസസ്ഥലം ഒരുങ്ങുന്നത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഓരോ അപ്നാഘര്‍ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ജോലി ചെയ്യാതെ കൂലി വാങ്ങുന്നവരെന്ന ചീത്തപ്പേര് വരുത്തിവെച്ചത് ഏതാനും ചിലയാളുകളുടെ ദുഷ്പ്രവൃത്തി കൊണ്ടായിരുന്നു. ഇതിനെ ഇല്ലായ്മ ചെയ്യുകയെന്നത് സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു കൂടി ഒരു ആവശ്യകതയാണെന്ന് വന്നു. ജോലി ചെയ്യാതെ കൂലി വാങ്ങുന്നതും അമിതമായ കൂലി ആവശ്യപ്പെടുന്നതും നിയമവിരുദ്ധമാക്കി മാറ്റി. 

സംസ്ഥാനത്തേക്ക് നിക്ഷേപങ്ങളെ ആകര്‍ഷിക്കുകയെന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. സംസ്ഥാനത്തിന് യോജിച്ച വ്യവസായങ്ങളെ കണ്ടെത്തുകയെന്നതും അവയെ ആകര്‍ഷിച്ച് എത്തിക്കുകയെന്നതും വലിയ പ്രയത്‌നം ആവശ്യമായ കാര്യമാണ്. ഇത് തിരിച്ചറിഞ്ഞാണ് സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍സൗഹൃദ-നിക്ഷേപ സൗഹൃദ തൊഴില്‍നയം പ്രഖ്യാപിച്ചത്. മികച്ച തൊഴില്‍ബന്ധങ്ങള്‍ മികച്ച വ്യവസായ വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന കാഴ്ചപ്പാടാണ് പ്രവൃത്തിയിലെത്തിക്കാന്‍ ശ്രമിക്കുന്നത്.

തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇരിപ്പിടം ഒരു അവകാശമായി പ്രഖ്യാപിച്ചത് വലിയൊരു മുന്നേറ്റമായിരുന്നു. ഇത്തരം തൊഴിലിടങ്ങളില്‍ തൊഴിലാളികളനുഭവിക്കുന്ന ദുരിതങ്ങള്‍ സമാനതകളില്ലാത്തതാണെന്ന് അവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ഓരോ ഉപഭോക്താവിനും തിരിച്ചറിയാന്‍ കഴിയുന്നതായിരുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികളെ പ്രത്യേകം പരിഗണിക്കുന്ന വേറെയും നീക്കങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുകയുണ്ടായി. ഈ മേഖലയിലെ താഴ്ന്ന വരുമാനക്കാര്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് ജനനി പാര്‍പ്പിട പദ്ധതി നടപ്പിലാക്കുകയുണ്ടായി.

കേരളം നിക്ഷേപകരുടെയും തൊഴിലെടുക്കുന്നവരുടെയും സ്വര്‍ഗഭൂമിയാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വിവിധ തൊഴിലുകളിലുള്ള സംസ്ഥാനത്തിന്റെ നൈപുണ്യം വളര്‍ത്തുന്നതിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍പ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ അക്കാദമി സ്ഥാപിച്ചത് ഇതേ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്. തൊഴില്‍ പരിശീലനത്തിനായി കരിയര്‍ ഡവലപ്‌മെന്റ് സെന്റര്‍ സ്ഥാപിച്ചു. തൊഴിലന്വേഷകര്‍ക്കായി സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍ സ്ഥാപിച്ചു. സമഗ്രമായ കരിയര്‍ നയവും സര്‍ക്കാര്‍ കൊണ്ടുവന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മിനിമം വേതന നിരക്കാണ് കേരളത്തിലുള്ളത്. 48 മേഖലകളില്‍ വേതനം പുതുക്കുകയും ചെയ്തു. കോവിഡ് കാലയളവില്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് ആയിരം രൂപ പ്രത്യേക സാമ്പത്തിക സഹായം നല്‍കിയിരുന്നു. 28,43,753 പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിച്ചത്. ഇതെല്ലാം കേരളത്തിന്റെ സാമൂഹ്യജീവിതത്തിന്റെ ആരോഗ്യത്തില്‍ എത്രയും പ്രത്യക്ഷമാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്

അനുയാത്ര

കുരുക്കഴിച്ച് റോഡുകളും പാലങ്ങളും