ശുചിത്വ കേരളം ഒരുക്കുന്ന സാമൂഹിക കവചം

ചിലയിടങ്ങള്‍, ദേശങ്ങള്‍ അവിടുത്തെ കാഴ്ചകള്‍ക്കൊപ്പം മണങ്ങള്‍ കൂടി അതുവഴി കടന്നുപോകുന്നവര്‍ക്ക് സമ്മാനിക്കും. പലപ്പോഴും നമ്മുടെ ഓര്‍മയിലേക്ക് ചേര്‍ത്തുവെക്കപ്പെടുന്നവയാണിതെല്ലാം. സംസ്ഥാനത്തെ പ്രധാന മൂന്ന് നഗരാതിര്‍ത്തികളിലൂടെ കടന്നുപോകുമ്പോള്‍ പൊതുജനത്തിന് മൂക്ക് പൊത്തി കാഴ്ചകളെ പിന്‍വലിക്കേണ്ടി വന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്തെ വിളപ്പില്‍ശാലയും കൊച്ചിയിലെ ബ്രഹ്മപുരവും കോഴിക്കോട്ടെ ഞെളിയന്‍പമ്പറും മലയാളിക്കും പുറത്തുനിന്നു വരുന്നവര്‍ക്കും സുഖകരമായ കാഴ്ചകളായിരുന്നില്ല. നഗരങ്ങളിലും റോഡരികുകളിലും കുന്നുകൂടിയ മാലിന്യവും അവയുടെ ഗന്ധവും അടുത്തിടെയാണ് മാഞ്ഞു തുടങ്ങിയത്. ചെറിയ ചെറിയ മാറ്റങ്ങളിലൂടെ വലിയ മാറ്റങ്ങളിലേക്ക് സഞ്ചരിക്കുകയാണ് ഇപ്പോള്‍ ഈ ഇടങ്ങളെല്ലാം. പെട്ടെന്നൊരു ദിനത്തിലുണ്ടായ മാറ്റങ്ങള്‍ അല്ല. സര്‍ക്കാറിന്റെ കൃത്യമായ ഇടപെടല്‍ ഇത്തരം ഇടങ്ങളിലെല്ലാം കേരളത്തില്‍ ഉടനീളം ഉണ്ടായി. പൊതുജനങ്ങളും ത്രിതല പഞ്ചായത്തുകളും സര്‍ക്കാറും ഒരുമിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് വലിയ മാറ്റം വരുത്തിയത്. സംസ്ഥാന ശുചിത്വ മിഷന്റെ കീഴില്‍ ഏകോപിതമായി നടന്നു വരുന്ന ഈ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ചുറ്റുപാടുകളെ ആകെ മാറ്റിക്കൊണ്ടിരിക്കുന്നു. 

ശുചിത്വ, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ മികച്ച മുന്നേറ്റം നടത്തിയ 501 ഗ്രാമ ഗ്രാമപഞ്ചായത്തുകളും 58 മുനിസിപ്പാലിറ്റികളും 30 ബ്ലോക്ക് പഞ്ചായത്തുകളും ഉള്‍പ്പെടെ 589 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി നല്‍കി. സര്‍ക്കാര്‍ രൂപീകരിച്ച ഹരിത കര്‍മ സേനയാണ് ഈ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കിയത്. വീടുകളില്‍ നിന്ന് നേരിട്ട് അജൈവ മാലിന്യം ശേഖരിക്കുന്നതിനായി 1,032 തദ്ദേശ സ്ഥാപനങ്ങളില്‍ ഹരിതകര്‍മ്മ സേന രൂപീകരിച്ചു. 821 തദ്ദേശസ്ഥാപനങ്ങളില്‍ ഹരിത കര്‍മ്മസേന പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുന്നു. അജൈവമാലിന്യം ശേഖരിച്ച് തരംതിരിച്ച് സൂക്ഷിക്കുതിനായി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 920 എം.സി.എഫുകളും അജൈവമാലിന്യങ്ങള്‍ നിന്ന് വിഭവ ശേഖരണത്തിനായി ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ 162 റിസോഴ്‌സ് റിക്കവറി സെന്ററുകളും സ്ഥാപിച്ച് വേറിട്ട മാലിന്യ സംസ്‌ക്കരണ സംസ്‌ക്കാരത്തിനാണ് അഞ്ചു വര്‍ഷത്തിനിടെ സര്‍ക്കാര്‍ നാന്ദി കുറിച്ചത്. ഇങ്ങനെയാണ് പൊതുയിടങ്ങളില്‍ നിന്ന് മാലിന്യം മാഞ്ഞു തുടങ്ങിയത്. 

പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും തള്ളപ്പെടുന്ന മാലിന്യം വെള്ളത്തില്‍ കലരുകയും കുടിവെള്ളത്തിനും കൃഷിക്കും ഹാനികരമാകുന്നതും പതിവായിരുന്നു. ആശുപത്രികളില്‍ നിന്നും വ്യാപരശാലകളില്‍ നിന്നുമുള്ള മാലിന്യക്കുഴലുകള്‍ ജലാശയക്കളില്‍ എത്തുന്നതിനാലായിരുന്നു ഇത്. ജലമലിനീകരണ പ്രശ്ന പരിഹാരത്തിന്  എറണാകുളം ജില്ലയിലെ പ്രഹ്മപുരം സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ മാതൃകയിലുള്ള, പ്രതിദിനം 100 കിലോലിറ്റര്‍ സെപ്റ്റേജ് സംസ്‌കരിക്കാവുന്ന പ്ലാന്റ് വെല്ലിംഗ്ടണ്‍ ഐലന്റില്‍ 2018ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് ഇത്തരം പ്രശ്‌ന പരിഹാരത്തിന് തുടക്കമിട്ടാണ്. എല്ലാ ജില്ലകളിലും ഒരു ആശുപ്രതി തെരഞ്ഞെടുത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുതിനുളള പദ്ധതി 2018ല്‍ ശുചിത്വമിഷന്‍ ആരംഭിച്ചു. ആശുപത്രികളില്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കുകയും ചെയ്തു.  

വൃത്തിയുടെ കാര്യത്തില്‍ സ്വയം അഭിമാനിക്കുന്നവനാണ് മലയാളി. അത് പക്ഷേ സ്വന്തം ശരീരത്തിലും വീട്ടിനകത്തും മാത്രമേ പാലിക്കപെടുന്നുള്ളൂ എന്നൊരു ആക്ഷേപമുണ്ടായിരുന്നു. മാലിന്യങ്ങള്‍ സംസ്‌കരിച്ചെടുക്കാമെന്നും അതില്‍ നിന്ന് ഗ്യാസും വളവും ഉല്‍പാദിപ്പിക്കാമെന്നുമുള്ള തിരിച്ചറിവ് വന്നു തുടങ്ങിയതില്‍ പിന്നെയാണ് ഇതിന് മാറ്റം വന്നു തുടങ്ങിയത്. ഗാര്‍ഹിക തലത്തില്‍ 3.14 ലക്ഷം കമ്പോസ്റ്റിംഗ് യൂണിറ്റുകളും 84,531 ബയോഗ്യാസ് പ്ലാന്റുകളും, കമ്യൂണിറ്റി തലത്തില്‍ 98 ബയോഗ്യാസ് പ്ലാന്റുകളും 2003 കമ്യൂണിറ്റിതല കമ്പോസ്റ്റിംഗ് യൂണിറ്റുകളും അഞ്ചു വര്‍ഷത്തിനിടെ സ്ഥാപിക്കുകയുണ്ടായി. വീടുകളില്‍ ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ 90 ശതമാനം സബ്സിഡി ലഭ്യമാക്കുകയും പൊതുസ്ഥാപനങ്ങളില്‍ 100 ശതമാനം സര്‍ക്കാര്‍ സബ്സിഡിയോടെ ജൈവമാലിന്യ സംസ്‌കരണ ഉപാധികള്‍ സ്ഥാപിക്കുന്നതിന് നടപടിയെടുക്കുകയുമുണ്ടായി. ഇതിന്റെ ചെലവ് തുകയുടെ 10 ശതമാനം മാത്രം ഉപയോക്താവ് വഹിച്ചാല്‍ മതി. ശുചിത്വം ആരോഗ്യത്തിന്റെ കവചമാണ്. നമ്മള്‍ മാത്രമല്ല, നമ്മുടെ ചുറ്റുപാടും ശുചിത്വത്തോടെയിരിക്കുമ്പോഴാണ് സമൂഹത്തിന്റെ ആരോഗ്യത്തിനും സ്വാഭാവിക പരിരക്ഷ ഉറപ്പാക്കാനാകൂ. മാറ്റങ്ങള്‍ വ്യക്തിയില്‍ നിന്ന് തുടങ്ങി സാമൂഹികമായി മാറണം എന്നാണല്ലോ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്

അനുയാത്ര

കുരുക്കഴിച്ച് റോഡുകളും പാലങ്ങളും