ഗോത്ര വര്‍ഗ വിദ്യാര്‍ത്ഥികളുടെ അറിവനുഭവത്തിന് പുതിയ ഭാഷ്യം
ഭാഷാപരമായ തനിമ നിലനിര്‍ത്താനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട്. എന്നാല്‍ ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷങ്ങളായ, ദുര്‍ബലരില്‍ ദുര്‍ബലരായ ചില വിഭാഗങ്ങള്‍ക്ക് ഇത്തരം അവകാശങ്ങളൊന്നും അനുവദിച്ചു കിട്ടാറില്ല. മിക്കപ്പോഴും അവര്‍തന്നെയും അതെക്കുറിച്ചൊക്കെ ആലോചിക്കാന്‍ പോലും കഴിയുന്ന സ്ഥിതിയിലായിരിക്കണമെന്നുമില്ല. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ പക്ഷെ വളരെ വലുതാണ്. ഇത്തരം വിഭാഗങ്ങളില്‍ പെടുന്ന കുട്ടികള്‍ക്ക് തങ്ങളുടെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ ഭാഷാപരമായ വലിയ പ്രതിബന്ധങ്ങളുണ്ടാകും. തങ്ങളുടെ സാംസ്‌കാരിക ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു ഭാഷയെ -അത് മുഖ്യധാരാ ഭാഷയാണ് എന്ന ഒരേയൊരു കാരണം കൊണ്ട്- പിന്‍പറ്റാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ഇതൊരു വലിയ സാമൂഹ്യപ്രശ്‌നം തന്നെയാണെന്ന ബോധത്തിലേക്ക് നമ്മുടെ രാഷ്ട്രീയ-സാമൂഹിക നേതൃത്വങ്ങള്‍ എത്തിയിട്ടുണ്ട്.
ഗോത്രവര്‍ഗക്കാരെ പഠിപ്പിക്കാന്‍ അവരുടെ ഭാഷ സംസാരിക്കുന്നവരെ ഏര്‍പ്പാടാക്കുകയും അവരുടെ ഭാഷയില്‍ തന്നെ ബോധനം നടത്താനുള്ള സൗകര്യമൊരുക്കുകയും ചെയ്യുകയെന്ന ആലോചനയില്‍ നിന്നാണ് 'ഗോത്രബന്ധു' എന്ന പദ്ധതി രൂപം കൊള്ളുന്നത്. അധ്യാപക യോഗ്യതയുള്ള പട്ടികവര്‍ഗ യുവതീയുവാക്കളെയാണ് ഈ പദ്ധതിയിലൂടെ സ്‌കൂളുകളില്‍ നിയമിക്കുന്നത്.
ഗോത്രബന്ധു പദ്ധതിയിലൂടെ ലഭിക്കുന്ന മറ്റൊരു നേട്ടം അഭ്യസ്തവിദ്യരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് തൊഴില്‍ ലഭ്യമാകുന്നു എന്നതാണ്. 'മെന്റര്‍ ടിച്ചര്‍' എന്നാണ് ഇവര്‍ അറിയപ്പെടുക. വയനാട് ജില്ലയില്‍ ഇങ്ങനെ 241 പട്ടികവര്‍ഗ്ഗ യുവതീയുവാക്കള്‍ അധ്യാപക ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. അട്ടപ്പാടിയില്‍ 267 പേര്‍ക്കും ജോലി ലഭിച്ചു. മറ്റ് ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചു വരുന്നു.
സ്‌കൂളുകളില്‍ ഗോത്രവിഭാഗക്കാരായ കുട്ടികളുടെ കൊഴിഞ്ഞു പോക്ക് വളരെയധികമാണ്. പലരുടെയും വീടുകളിലെ പഠനപരമായ അസൗകര്യങ്ങളും, ദാരിദ്ര്യവും, അവബോധമില്ലായ്മയുമെല്ലാം ഈ കൊഴിഞ്ഞുപോക്കിന് കാരണമുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതല്ല. ഇതിനിടയില്‍ വളര്‍ന്നുവരുന്ന കുട്ടികളുടെ ഭാവിക്ക് കരുതലേകേണ്ടതുണ്ട്. ഈയൊരു ലക്ഷ്യത്തോടെയാണ് സമര്‍ഥരായ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിന് റസിഡന്‍ഷ്യല്‍ സൗകര്യത്തോട്ടുകൂടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സ്ഥാപിച്ചത്. ഇവിടെ പ്രവേശനം ലഭിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുസ്തകങ്ങള്‍, വസ്ത്രം, താമസം, ഭക്ഷണം തുടങ്ങിയ എല്ലാ ചെലവുകളും സൗജന്യമാണ്.
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലായി 6070 വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. ഈ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് സ്മാര്‍ട്ട് ക്ലാസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലാംഗ്വേജ് ലാബ്, സ്‌കൂള്‍ റേഡിയോ, സോളാര്‍ പവര്‍ പ്ലാന്റ്, മള്‍ട്ടി പര്‍പ്പസ് സിന്തറ്റിക് കോര്‍ട്ട്, മിനി മാസ് ലൈറ്റ്, ഖര-ദ്രാവക മാലിന്യ സംസ്‌കരണ പ്ലാന്റ്, ജലശുദ്ധീകരണ പ്ലാന്റ്, ഫയര്‍ എക്സ്റ്റിംഗ്വിഷന്‍ സിസ്റ്റം, ഔട്ട് ഡോര്‍ ഫിറ്റ്നസ് സെന്റര്‍, ആര്‍ച്ചറി പരിശീലനം തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ട്. കാസറഗോഡ് ജില്ലയില്‍ കൊറഗ വിഭാഗത്തിനായി ഒരു റസിഡന്‍ഷ്യല്‍ സ്‌കൂളും പ്രവര്‍ത്തനം ആരംഭിച്ചു.
ഗോത്രവര്‍ഗക്കാര്‍ മുഖ്യധാരയിലേക്ക് അതിശക്തമായി വന്നുകൊണ്ടിരിക്കുന്ന കാഴ്ച നമ്മുടെ കണ്‍മുന്നിലുണ്ട്. ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കാന്‍ സാമൂഹ്യ-രാഷ്ട്രീയ ജാഗ്രത ചോരാതെ നിര്‍ത്തുകയെന്നത് പ്രധാനമാണ്. വിദ്യാഭ്യാസത്തിലൂടെയും സാമ്പത്തിക വളര്‍ച്ചയിലൂടെയും ഈ സമൂഹത്തിലേക്ക് പുരോഗതി എത്തിച്ചേരേണ്ടതുണ്ട്. അത് ഇന്ത്യയില്‍ മറ്റേതൊരു സംസ്ഥാനത്തിനും മുമ്പേ സാധ്യമാകുമെന്ന ശുഭപ്രതീക്ഷയും നമുക്കുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ