സാന്ത്വന സ്പര്‍ശവുമായി സാമൂഹിക സന്നദ്ധ സേന

2019ലെ പ്രളയ കാലത്ത് 59 പേരുടെ ജീവന്‍ കവര്‍ന്ന നിലമ്പൂരിലെ കവളപ്പാറ ഉരുള്‍പ്പൊട്ടലിന്റെ ഭീകരത ദുരന്തമുഖത്തു നിന്ന് നേരിട്ട് കണ്ടിട്ടുണ്ട് സമീപവാസിയായ പത്തൊമ്പതുകാരന്‍ വിനോദ്. തന്റെ കൂട്ടുകാരില്‍ ഒരാള്‍ ഈ ദുരന്തത്തില്‍പ്പെട്ട് മൃതദേഹം പോലും വീണ്ടെടുക്കാന്‍ കഴിയാത്ത വിധം മണ്ണോടു ചേര്‍ന്നത് വിനോദിനെ വല്ലാതെ തളര്‍ത്തിയിരുന്നു. ആ മരവിപ്പില്‍ നിന്ന് മുക്തി നേടാന്‍ എറെ സമയമെടുത്തു. ഈ ദുരന്തം വിനോദിനെ അടിമുടി മാറ്റുന്നതാണ് പിന്നീട് കണ്ടത്. ഒരു ദുരന്തത്തെ നേരിടുന്നതിലും രക്ഷാ പ്രവര്‍ത്തനങ്ങളിലും തന്റെ നാട്ടുകാരുടെ പങ്കാളിത്തവും ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനവുമാണ് വിനോദിനെ ചിന്തിപ്പിച്ചത്. ദുരന്തമുഖത്ത് ഏതു സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും തയാറായി മുന്നോട്ടു വരുന്നവരാണ് നമുക്കു ചുറ്റിലുമുള്ളതെന്ന് തിരിച്ചറിഞ്ഞു. നഷ്ടപ്പെട്ട തന്റെ കൂട്ടുകാരനു പകരമായി നിരവധി പേരെ രക്ഷിക്കാനും സഹായിക്കാനുമുള്ള ഒരവസരം ഇനിയൊരിക്കലും പാഴാക്കില്ലെന്ന ഉറച്ച തീരുമാനമെടുക്കുകയായിരുന്നു വിനോദ്. അങ്ങനെയാണ് നമ്മുടെ സര്‍ക്കാര്‍ രൂപീകരിച്ച സാമൂഹിക സന്നദ്ധ സേന എന്ന മഹത്തായ ആശയത്തിലേക്ക് വിനോദ് അകൃഷ്ടനായത്. പലരും പല പേരുകളിലും സന്നദ്ധ സേവനങ്ങളുമായി രംഗത്തുണ്ടെങ്കിലും എല്ലാവരേയും ഉള്‍ക്കൊള്ളുന്ന മികച്ച സാമൂഹിക പിന്തുണയുള്ള ഒരു സന്നദ്ധ സേനയ്‌ക്കൊപ്പം ചേരാന്‍ തന്നെ വിനോദ് തീരുമാനിച്ചു. 

ഇന്ന് ഏത് ദുരന്തമുണ്ടായാലും സന്നദ്ധ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങാന്‍ തയാറായി നില്‍ക്കുന്ന മൂന്നര ലക്ഷത്തിലേറെ വരുന്ന യുവജനങ്ങളില്‍ ഒരാളാണ് വിനോദ്. ജില്ലാ ദുരന്ത നിരവാരണ അതോറിറ്റിയുടേയും തദ്ദേശ ഭരണകൂടത്തിന്റേയും വിവിധ സേനകളുടേയും പരിശീലനങ്ങളും ലഭിച്ചു കൊണ്ടിരിക്കുന്നു. കോവിഡ്  ലോക്ക്ഡൗണ്‍ കാലത്ത് സാമൂഹിക അടുക്കളയുടെ പ്രവര്‍ത്തനങ്ങളിലും ആവശ്യക്കാര്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നതിലും സജീവ പങ്കാളിയായിരുന്നു വിനോദ്.

കേരളം സമീപകാലത്ത് നേരിട്ട വലിയ ദുരന്തങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് സാമൂഹിക സന്നദ്ധ സേനയ്ക്ക് രൂപം നല്‍കിയത്. 16നും 65നുമിടയില്‍ പ്രായമുള്ള ആര്‍ക്കും ഈ സേനയില്‍ അംഗങ്ങളാകാം. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ലളിതമായി അംഗത്വമെടുക്കാം. ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണം, പ്രവര്‍ത്തിക്കണം എന്നത് സംബന്ധിച്ച് പരിശീലനം ലഭിക്കും. പൊലീസ്, അഗ്‌നിശമനസേന, ദുരന്തനിവാരണസേന, വനംവകുപ്പ് എന്നിവരാണ് പരീശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കോവിഡ് കാലത്താണ് ഈ സന്നദ്ധ സേനയുടെ സേവനം പൊതുജനങ്ങള്‍ക്ക് ശരിക്കും അനുഭവിക്കാനായത്. മഹാമാരിയുടെ ആദ്യ നാളുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, അഗ്‌നിശമന സേനാവിഭാഗം തുടങ്ങി മുഴുസമയം കര്‍മനിരതരായവര്‍ക്കൊപ്പമായിരുന്നു സാമൂഹിക സന്നദ്ധസേന അംഗങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍. സാമൂഹിക സന്നദ്ധസേനാ അംഗങ്ങളുടെ പശ്ചാത്തലം വിലയിരുത്തി വിവിധ ജില്ലാ ഭരണകൂടങ്ങള്‍ 60,000ഓളം അംഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ തിരിച്ചറിയല്‍രേഖ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇവരെല്ലാം സജീവമായി പങ്കെടുക്കുകയും ചെയ്തു. 

പ്രതിസന്ധി ഘട്ടത്തില്‍ എല്ലാ നാടുകളിലും സഹായമാവശ്യമുള്ളവരിലേക്ക് നേരിട്ടിറങ്ങിച്ചെന്നായിരുന്നു സാമൂഹിക സന്നദ്ധ സേനാ അംഗങ്ങളുടെ പ്രവര്‍ത്തനം. ഇവരെ ജനം ഇരുകയ്യും നീട്ടി സ്വീകരിച്ചു. പ്രതിഫലേച്ഛയില്ലാതെ സാമൂഹിക സേവന രംഗത്തേക്കിറങ്ങിയ മൂന്നര ലക്ഷത്തിലേറെ അംഗങ്ങള്‍ ഇന്ന് കേരളത്തിനൊരു വലിയ മുതല്‍കൂട്ടാണ്. ഏതു പ്രതിസന്ധി ഘട്ടത്തിലും ഒരു വിളിപ്പാടകലെ ഇവരുണ്ട്. ശരാശരി 100 പേര്‍ക്ക് ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ എന്ന നിലയിലേക്ക് ഈ സേന ഇന്ന് വിപുലീകരിക്കപ്പെട്ടു വരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അനുയാത്ര

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്

ലോകോത്തര മാതൃക സൃഷ്ടിച്ച് പൊതുജനാരോഗ്യ രംഗം