പുനര്‍ജനിച്ച പൊതു വിദ്യാലയങ്ങള്‍; വിപ്ലവകരമായ മുന്നേറ്റം


പുസ്തകത്തിലുള്ള അറിവ് മാത്രമല്ല, സാമൂഹിക ജീവിതത്തിന്റെ ആദ്യ പാഠങ്ങള്‍ കൂടി പകരുന്ന ഇടങ്ങളാണ് വിദ്യാലയങ്ങള്‍. ഒരേ ബെഞ്ചില്‍ ഒരു വേര്‍ത്തിരി വുമില്ലാതെ നമ്മള്‍ തൊട്ടു തൊട്ടിരുന്നു. പെന്‍സിലും പേനയും മാത്രമല്ല, ചോറും കറികളും പങ്കുവച്ചു. എല്ലാ ആഘോഷങ്ങളും ഒരുമിച്ച് ആസ്വദിച്ചു. പൊരിവെയിലില്‍ മൈതാനത്ത് പന്തിന് പിറകെ ഓടിയത്, ആര്‍ത്തലച്ചു പെയ്ത മഴയില്‍ ഒരു കുടയില്‍ വീടണഞ്ഞത്, മാവില്‍ കല്ലെറിഞ്ഞത്, ഓര്‍മകളിലേക്ക് ചേര്‍ത്തുവയ്ക്കാന്‍ സ്‌കൂള്‍ കാലത്തല്ലാതെ ഇത്തരം അനുഭവങ്ങള്‍ വേറെയുണ്ടാകുമോ. ഉച്ചക്കഞ്ഞിക്ക് വേണ്ടി മാത്രം സ്‌കൂളിലെത്തിയിരുന്ന കുട്ടികളുണ്ടായിരുന്നു. അവരെയൊക്കെ അക്ഷര ങ്ങളുടെ ലോകത്തേക്ക് കൈപ്പിടിച്ചുയര്‍ത്തി വായിച്ചു വളരാന്‍ പ്രേരിപ്പിച്ച അധ്യാപ കരും. ഈ പൊതുവിദ്യാലയ നന്മകള്‍ക്കൊന്നും ഇന്നു ഒരു മാറ്റവും വന്നിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ പഴഞ്ചന്‍ കെട്ടിടങ്ങളുടേയും സൗകര്യങ്ങളുടെ അഭാവത്തിന്റേയും പേരില്‍ കുറെ കാലമായി നമ്മുടെ പൊതുവിദ്യാലയങ്ങള്‍ പഴികേട്ടു വരികയായിരുന്നു. ലാഭകരമല്ലാത്ത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുക എന്ന നിലപാടില്‍ വരെ ഒരു ഘട്ടത്തില്‍ എത്തി. പക്ഷെ അറിവിനെ കച്ചവടക്കണ്ണോടെ കാണാതെ അതിന്റെ മഹത്വം തിരിച്ചറിഞ്ഞ വലിയൊരു സമൂഹം ഇവിടെ ഉണ്ടായിരുന്നു. അവര്‍ തീര്‍ത്ത പ്രതിരോധം ഇന്ന് നമ്മുടെ പൊതു വിദ്യാലയങ്ങളെ അടിമുടി മാറ്റിയിരിക്കുന്നു. 

ഈ മാറ്റങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് 2021 ഫെബ്രുവരി ആറിന് നടന്ന സംസ്ഥാനത്തെ 111 പൊതുവിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ഉല്‍ഘാടനം. പൊതു വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ളതല്ല സംരക്ഷിക്കാനുള്ളതാണ് എന്ന നയം സ്വീകരിച്ച സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്തൊട്ടാകെ സ്‌കൂളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടു വന്നത്. ഡി.പി.ഐ, ഹയര്‍ സെക്കണ്ടറി, വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റുകളെ ഒരുമിപ്പിച്ച് പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ പരിധിയില്‍ കൊണ്ടുവരികയും ഫലപ്രദമായ ഭരണ നിര്‍വഹണം സാധ്യമാക്കുകയും ചെയ്തു.  

പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാനപരമായ സത്ത ചോരാതെ മികവുറ്റ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും വന്‍കിട സ്വകാര്യ വിദ്യാലയങ്ങളോട് കിടപിടിക്കുന്ന ആധുനിക സംവിധാനങ്ങളും എല്ലാ വിദ്യാലയങ്ങളിലും ഒരുക്കി. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും സ്മാര്‍ട് ക്ലാസ് മുറികളും ഇന്റര്‍നെറ്റ് കണക്ഷനും യാഥാര്‍ത്ഥ്യമായി. അധ്യാപകരുടെ പുനര്‍വിന്യാസവും അവര്‍ക്ക് സാങ്കേതിക വിദ്യയിലടക്കം മികച്ച പരിശീലനങ്ങള്‍ നല്‍കുകയും ചെയ്തതോടെ സര്‍ക്കാര്‍ വിദ്യാ ലയങ്ങളുടെ ഗുണനിലവാരം കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് അധ്യയന വര്‍ഷങ്ങളിലായി 5.05 ലക്ഷം കുട്ടികള്‍ പുതുതായി സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കാനെത്തിയതു തന്നെ ഇതിനു നേര്‍സാക്ഷ്യം. മികച്ച അധ്യാപകരും എല്ലാ ഭൗതിക സൗകര്യങ്ങളുമുള്ള പൊതുവിദ്യാലയങ്ങളിലൂടെ ലഭിക്കുന്ന സൗജന്യ വിദ്യാഭ്യാസത്തിലേക്ക് കൂടുതല്‍ രക്ഷിതാക്കള്‍ അകൃഷ്ടരായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പടിപടിയായാണ് ഈ മാറ്റങ്ങളുണ്ടായത്. പാഠ പുസ്തകങ്ങള്‍ സ്‌ക്കൂള്‍ തുറക്കുന്നതിന് മുമ്പു തന്നെ കുട്ടികള്‍ക്ക് ലഭ്യമാക്കി. പ്രതിഭകളുടെ പഠനമുന്നേറ്റത്തിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. എല്ലാ സ്‌ക്കൂളിലും അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ കൊണ്ടുവന്നു. ഡിജിറ്റല്‍ ക്ലാസ് മുറികള്‍ സജ്ജമാക്കി. 168 ബിആര്‍സികളിലും ഓട്ടിസം സെന്റര്‍ ആരംഭിച്ചു, മഹാമാരിക്കാലത്ത് കുട്ടികള്‍ക്ക് ഭക്ഷ്യക്കിറ്റ് വീടുകളിലെത്തിച്ചു നല്‍കി. 

ദേശീയ തലത്തില്‍ തന്നെ ഈ മാറ്റങ്ങള്‍ പൊതുവിദ്യാഭ്യാസ രംഗത്തെ നവീന മാതൃകയായി അംഗീകരിക്കപ്പെട്ടു. സ്‌ക്കൂള്‍ വിദ്യാഭ്യാസരംഗത്ത് ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറി. നീതി ആയോഗിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. ഇന്ത്യയില്‍ ആദ്യമായി കോവിഡ് കാലത്ത് എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ നടത്തുകയും പരാതികള്‍ക്ക് ഇടനല്‍കാതെ കൃത്യസമയത്തു തന്നെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തതും കേരള മാണ്. വ്യക്തമായ ആസൂത്രണങ്ങളോടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയും പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തതാണ് ഈ മാറ്റങ്ങള്‍ക്ക് പ്രധാന കാരണം. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ നിലനില്‍ക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. അതറിഞ്ഞാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സൂക്ഷ്മമായി ഇടപെടുന്നത്. കുട്ടികള്‍ നാളത്തെ പൗരന്‍മാരാണ്, സമൂഹത്തെ നയിക്കേണ്ടവരാണ്. വിദ്യകൊണ്ടു സമ്പന്ന രാകുന്നതിനൊപ്പം സാമൂഹികമായ ഇടപെടലുകള്‍ക്കും പൊതുവിദ്യാലയങ്ങള്‍ അവരെ സജ്ജരാക്കുന്നു. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്

കുരുക്കഴിച്ച് റോഡുകളും പാലങ്ങളും

കെ ഫോണ്‍ പദ്ധതി