ലോകോത്തര മാതൃക സൃഷ്ടിച്ച് പൊതുജനാരോഗ്യ രംഗം

സര്‍ക്കാരാശുപത്രികളെ രോഗികള്‍ ഭയപ്പാടോടെ സമീപിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. സാമ്പത്തികമായി പ്രയാസം നേരിടുന്നവരുടെ മാത്രം ആശ്രയകേന്ദ്രമെന്ന ദുഷ്‌പേരില്‍ നിന്ന് സര്‍ക്കാരാശുപത്രികള്‍ രക്ഷപ്പെട്ടു കഴിഞ്ഞു. നിരവധിയായ പദ്ധതികളിലൂടെ ആശുപത്രികളെ മുമ്പോട്ടു നയിക്കാനായി. ഇതില്‍ എടുത്തു പറയേണ്ട ഒന്നാണ് ആര്‍ദ്രം പദ്ധതി. ആശുപത്രികളെ രോഗീസൗഹൃദമാക്കിത്തീര്‍ക്കുക എന്നത് ഈ പദ്ധതിയുടെ ഒരു പ്രധാന ലക്ഷ്യമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഈ രംഗത്ത് നാം വലിയ പുരോഗതിയാണ് കൈവരിച്ചത്. കേരളത്തിലെ സര്‍ക്കാരാശുപത്രികളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ പൊതുജനങ്ങള്‍ ഇപ്പോള്‍ നേരിട്ടനുഭവിച്ചു കൊണ്ടിരിക്കുന്നു. നിപ്പ, കോവിഡ് മഹാമാരികള്‍ നേരിടുന്നതില്‍ നമ്മുടെ ആരോഗ്യ മേഖല നടത്തിയ മുന്നേറ്റങ്ങള്‍ക്കും പുതിയ മാതൃകകള്‍ക്കും ലോകത്തിന്റെ തന്നെ അംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞു.

മെഡിക്കല്‍ കോളേജുകളില്‍ മാത്രം ലഭ്യമായിരുന്ന സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ ജില്ലാ/ജനറല്‍/താലൂക്ക് ആശുപത്രികളില്‍ കൂടി ലഭ്യമാക്കി. ഇവിടങ്ങളില്‍ ആധുനിക ചികിത്സാ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കു മികച്ച ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റി. മുഴുവന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഉച്ചവരെയുണ്ടായിരുന്ന പ്രവര്‍ത്തനസമയം വൈകുന്നേരം ആറ് മണി വരെയാക്കി. കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിച്ചു. ജീവിതശൈലീ രോഗ ക്ലിനിക്കുകള്‍, ആസ്തമയ്ക്കുള്ള ശ്വാസ് ക്ലിനിക്ക്, വിഷാദരോഗ ചികിത്സയ്ക്കുള്ള ആശ്വാസ് ക്ലിനിക്ക് തുടങ്ങിയവ സജ്ജമാക്കി. ഇതോടൊപ്പം രോഗീസൗഹൃദ അന്തരീക്ഷമൊരുക്കിയെന്നതും എടുത്തുപറയണം.

എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടി നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം കൂടിയാണ് കേരളം. സംസ്ഥാനത്തെ 14 ജില്ലകളിലും മാനസികാരോഗ്യ പരിപാടി സജീവമായി നടക്കുന്നുണ്ട്. കാന്‍സര്‍ രോഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നയപരിവര്‍ത്തനം വലിയൊരു മാറ്റമാണ്. രോഗചികിത്സയ്ക്കുള്ള മികച്ച സംവിധാനമാണ് ആര്‍സിസിയിലുള്ളത്. എന്നാല്‍ തിരുവനന്തപുരത്ത് എത്തിയാല്‍ മാത്രം ലഭ്യമാകുന്ന ഈ സംവിധാനം സാധാരണക്കാര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. ഈ പ്രശ്‌നം കണക്കിലെടുത്ത് ആര്‍സിസി മാതൃക മെഡിക്കല്‍ കോളേജുകളിലേക്ക് വ്യാപിപ്പിച്ചു. എല്ലാ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട താലൂക്ക് ആശുപത്രികളിലും ആര്‍സിസിയും എംസിസിയുമായി സഹകരിച്ച് ക്യാന്‍സര്‍ ചികിത്സാ സംവിധാനമൊരുക്കി.

നമ്മുടെ ആയുര്‍വ്വേദ പാരമ്പര്യം സവിശേഷമാണ്. രാജ്യത്ത് മറ്റൊരിടത്തും ആയുര്‍വ്വേദ ശാസ്ത്രം ഇത്രയേറെ വളര്‍ച്ച പ്രാപിച്ചിട്ടില്ലെന്നു തന്നെ പറയാം. 13-ാം ശതകത്തില്‍ കേരളം സന്ദര്‍ശിച്ച മാര്‍ക്കോപോളോ ആയുര്‍വേദത്തിന്റെ പ്രചാരത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. കാലാനുസൃതമായ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനും ശാസ്ത്രീയതയില്‍ അടിയുറച്ച് നില്‍ക്കാനും കേരളത്തിലെ ആയുര്‍വ്വേദ മേഖല കാണിക്കുന്ന ഉത്സാഹം വലിയതാണ്. ഇതിനോടുള്ള സമൂഹത്തിന്റെ സ്വാഭാവികമായ പ്രതികരണമാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വ്വേദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍. കണ്ണൂര്‍ ജില്ലയിലെ കല്ല്യാട് വില്ലേജിലാണ് 311.76 ഏക്കര്‍ സ്ഥലത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്. ഇതിലേക്ക് 36.75 ഏക്കര്‍ സ്ഥലം റവന്യൂ വകുപ്പ് കൈമാറുകയും ചെയ്തിട്ടുണ്ട്.

ഈ പുതിയ സംവിധാനങ്ങളൊരുക്കുന്നതിന്റെ ഭാഗമായി തൊഴിലവസരങ്ങളും സ്വാഭാവികമായി ഉയര്‍ന്നു. ആരോഗ്യമേഖലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ സൃഷ്ടിക്കപ്പെട്ടത് 7300ഓളം തസ്തികകളാണ്. ആശുപത്രികളെ നവീകരിക്കുന്ന പ്രക്രിയകള്‍ അതിവേഗത്തിലാണ് നടന്നു കൊണ്ടിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് മെഡിക്കല്‍ കോളേജ്, ജനറല്‍/ജില്ലാ/താലൂക്ക് ആശുപത്രികള്‍/ കാന്‍സര്‍ കെയര്‍ സെന്ററുകള്‍ എന്നിവ അതിവേഗം നവീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനായി 3200 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 

മികവിന്റെ പാതയിലേക്ക് കേരളത്തിന്റെ ആരോഗ്യരംഗം കയറുകയും ഏറെദൂരം സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യരംഗത്തിന് ഇടക്കാലത്ത് വന്നുപെട്ടിരുന്ന ആലസ്യം ഇല്ലാതായിരിക്കുന്നു. ജനകീയമായ മേല്‍നോട്ടം എല്ലായിടങ്ങളിലും എത്തിക്കഴിഞ്ഞിരിക്കുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്

കുരുക്കഴിച്ച് റോഡുകളും പാലങ്ങളും

കെ ഫോണ്‍ പദ്ധതി