കുരുക്കഴിച്ച് റോഡുകളും പാലങ്ങളും
വാഹനമെടുത്ത് റോഡിലേക്കിറങ്ങിയാല്‍ നമ്മുടെ ഏറ്റവും വലിയ തലവേദനയാണ് യാത്രാ യോഗ്യമല്ലാത്ത നിരത്തുകളും ട്രാഫിക് കുരുക്കില്‍ കാത്തുകെട്ടിക്കിടക്കേണ്ടി വരുന്ന ജങ്ഷനുകളും. കൊച്ചി നഗരം ഒരു ഉദാഹരണമായെടുക്കാം. കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ജങ്ഷനുകളായിരുന്നു വൈറ്റിലയും കുണ്ടന്നൂരും, ഏതാനും നാള്‍ മുമ്പു വരെ. ദിവസവും ഒരു ലക്ഷത്തോളം വാഹനങ്ങള്‍ കടന്നു പോകുന്ന ഈ ജങ്ഷനുകളിലെ ട്രാഫിക് കുരുക്കിലൂടെ മുന്നോട്ടു പോകുക എന്നത് അത്യാസന്ന നിലയിലുള്ള രോഗികളുമായി ചീറിപ്പായുന്ന ആംബുലന്‍സുകള്‍ക്കു പോലും എളുപ്പമായിരുന്നില്ല. സാധാരണ വാഹനങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇതിനൊരു പരിഹാരത്തിനു വേണ്ടി ഏറെ കാലം കാത്തിരിക്കേണ്ടി വന്നു. പുതുവത്സര സമ്മാനമായി ദേശീയ പാത 66ലെ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ നാടിനു സമര്‍പ്പിച്ചതോടെ കൊച്ചി നഗരത്തിന്റെ മാത്രമല്ല, കേരളത്തിന്റെ വേഗം തന്നെയാണ് മാറിയത്. തറക്കല്ലിട്ട് മൂന്ന് വര്‍ഷം കൊണ്ടാണ് സര്‍ക്കാര്‍ ഈ രണ്ട് ആറുവരി മേല്‍പ്പാലങ്ങളും പണിപൂര്‍ത്തീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. ഇതു കൊച്ചി നഗരത്തിലെ മാത്രം കാര്യം. ഇനി കൊല്ലവും ആലപ്പുഴയുമെടുക്കാം. പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ഇവിടങ്ങളിലെ രണ്ടു ബൈപ്പാസുകള്‍ ഈ സര്‍ക്കാര്‍ പണി പൂര്‍ത്തീകരിച്ച് തുറന്നു നല്‍കിയത്. കോഴിക്കോട് ജില്ലയില്‍ ദേശീയപാതയിലെ രാമനാട്ടുകര, തൊണ്ടയാട് മേല്‍പ്പാലങ്ങളും പൂര്‍ത്തീകരിച്ച് നാടിനു സമര്‍പ്പിച്ചതോടെ നഗരത്തിരക്കുകളൊഴിവാക്കിയുള്ള സുഗമ യാത്രയ്ക്ക് വഴിയൊരുങ്ങി.
പുതിയ കാലം, പുതിയ നിര്‍മ്മാണം എന്ന ആപ്തവക്യവുമായി പൊതുമരാമത്ത് വകുപ്പ് നടത്തിയ നിര്‍മാണ പ്രവൃത്തികളിലൂടെ പൊതുജനങ്ങളുടെ നിത്യജീവിതത്തെ സ്പര്‍ശിക്കുന്ന, നേരിട്ട് അനുഭവിക്കാവുന്ന വികസനമാണ് നാട്ടിലുണ്ടായത്. 11,580 കിലോ മീറ്റര്‍ പൊതുമാരമത്ത് റോഡുകളാണ് പുനരുദ്ധാരണം നടത്തി ഉന്നത നിലവാരത്തിലാക്കിയത്. നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും ഒട്ടേറെ കുരുക്കുകളഴിഞ്ഞതോടെ കേരളത്തിലെ 98 ശതമാനം റോഡുകളും ഗതാഗത യോഗ്യമാണിപ്പോള്‍.
കേരളത്തിന്റെ രണ്ടറ്റങ്ങളേയും ബന്ധിപ്പിച്ച് 13 ജില്ലകളിലൂടെ കടന്നു പോകുന്ന, മലയോര മേഖലയുടെ സര്‍വോന്മുഖ പുരോഗതിയിലേക്കുള്ള പാതയായ നിര്‍ദ്ദിഷ്ട മലയോര ഹൈവെയുടെ നിര്‍മാണത്തിന് ഈ സര്‍ക്കാര്‍ പുതിയവേഗമാണ് നല്‍കിയത്. 1,251 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാതയിലെ 514 കിലോമീറ്റര്‍ നിര്‍മ്മാണത്തിനായി 1,669 കോടി രൂപയുടെ സാമ്പത്തികാനുമതി കിഫ്ബിയില്‍ നിന്നും ലഭ്യമാക്കി. സ്ഥലം ലഭ്യമായ 201 കിലോമീറ്റര്‍ റോഡ് നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. മലയോര മേഖലയിലെ കര്‍ഷകരുടേയും കുടിയേറ്റ ജനതയുടേയും പുതുതലമുറയുടേയും ജീവിതങ്ങളെ സ്പര്‍ശിച്ചാണ് ഈ പാത കടന്നുപോകുന്നത്.
പൂര്‍ത്തീകരിച്ചതും പണി പുരോഗമിക്കുന്നതുമായ ഒട്ടേറെ റോഡുകളും പാലങ്ങളും വേറേയുമുണ്ട് എടുത്തു പറയാന്‍. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് പദ്ധതിയില്‍ 188 കിലോമീറ്റര്‍ റോഡ് ഉന്നത നിലവാരത്തില്‍ നമ്മുടെ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. 134 കിലോമീറ്റര്‍ റോഡ് പ്രവൃത്തി പുരോഗമിക്കുന്നു. നമുക്കൊരിക്കലും മറക്കാനാവാത്ത ദുരനുഭവങ്ങളായിരുന്നു രണ്ടു വലിയ പ്രളയങ്ങള്‍. ഒട്ടേറെ നാശനഷ്ടങ്ങള്‍ക്കൊപ്പം നിരവധി റോഡുകളും ഈ പ്രകൃതി ദുരന്തങ്ങളില്‍ തകര്‍ന്നു. ഒരു വേള മുങ്ങിപ്പോയ ജീവിതത്തെ നാം അതിവേഗം തിരിച്ചുപിടിച്ചപ്പോള്‍ ഇതിന് ആക്കം കൂട്ടാന്‍ നമ്മുടെ സര്‍ക്കാരും ഒപ്പം തന്നെയുണ്ടായിരുന്നു. പ്രളയത്തില്‍ തകര്‍ന്ന 521 കിലോമീറ്റര്‍ റോഡുകളുടെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കി. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് പുനരുദ്ധാരണ പുരോഗമിക്കുന്നു. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന ശംഖുമുഖം-എയര്‍പോര്‍ട്ട് ബീച്ച് റോഡിന്റെ പുനരുദ്ധാരണവും ആരംഭിച്ചു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 240 പാലങ്ങള്‍ക്ക് 2,039 കോടി രൂപയുടെ ഭരണാനുമതി നല്‍കി. 849 കോടി രൂപയുടെ 100 പാലങ്ങള്‍ പൂര്‍ത്തീകരിച്ചു. 1,190 കോടി രൂപ അടങ്കല്‍ വരുന്ന 86 പാലങ്ങളുടെ നിര്‍മ്മാണം നടന്നു വരുന്നു. 2,529 പാലങ്ങളുടെ ബലവും, സുരക്ഷയും പരിശോധിച്ചു. പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച പാലങ്ങള്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കി. 4,774 കോടി രൂപയ്ക്കുള്ള 1,966 കെട്ടിടങ്ങള്‍ക്ക് ഭരണാനുമതി നല്‍കി. സ്വകാര്യ വ്യക്തികള്‍ കൈവശം വെച്ചിരുന്ന കുറ്റാലം പാലസ്, മൂന്നാര്‍, വൈക്കം പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകള്‍ സര്‍ക്കാരിലേയ്ക്ക് തിരികെ പിടിച്ചു.
അടിസ്ഥാന സൗകര്യവികസനത്തിനു പുറമെ തൊഴില്‍ രംഗത്തും പൊതുമരാമത്ത് വകുപ്പ് അഞ്ചു വര്‍ഷത്തിനിടെ വലിയ മുന്നേറ്റമാണ് നടത്തിയത്. മൂന്ന് ചീഫ് എഞ്ചിനീയര്‍ അടക്കം 360 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. പി.എസ്.സി മുഖേന 4,277 പേര്‍ക്ക് സ്ഥിര നിയമനം നല്‍കിയത് എടുത്തുപറയേണ്ട മറ്റൊരു നേട്ടം തന്നെയാണ്. ഇങ്ങനെ സര്‍വതല സ്പര്‍ശിയും അനുഭവഭേദ്യവുമായ വികസനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നമ്മുടെ സര്‍ക്കാര്‍ റോഡുകളിലൂടേയും പാലങ്ങളിലൂടേയും നാട്ടില്‍ യാഥാര്‍ത്ഥ്യമാക്കിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ