ഊരുകളില്‍ തെളിഞ്ഞ അക്ഷര വെളിച്ചം

ഇന്ത്യയില്‍ അവശേഷിക്കുന്ന അപൂര്‍വ്വ പ്രാക്തന ഗോത്ര വിഭാഗമാണ് നിലമ്പൂര്‍ വനമേഖയില്‍ ഉള്‍ക്കാടുകളിലെ ഗുഹകളില്‍ വസിക്കുന്ന ചോലനായ്ക്കര്‍. ജനസംഖ്യ 200ല്‍ താഴെ മാത്രം. ഇവരില്‍ ഒരാളാണ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ടെക്‌നോളജിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ വിനോദ് ചെല്ലന്‍. തന്റെ ഗോത്രത്തില്‍ ആദ്യമായി പത്താം ക്ലാസ് പാസായ ആളും പ്ലസ് ടു ജയിച്ചതും ബിരുദധാരിയും ബിരുദാനന്തര ബിരുദധാരിയുമെല്ലാം വിനോദ് ആണ്. ദുരിത പൂര്‍ണമായ ചുറ്റുപാടുകള്‍, വിദ്യാഭ്യാസ സൗകര്യങ്ങളുടെ അഭാവം തുടങ്ങി ഒട്ടേറെ പരിമിതികള്‍ക്കു നടുവില്‍ നിന്നാണ് വിനോദ് വിദ്യാഭ്യാസത്തിലൂടെ പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചത്. വിനോദിനെ പോലുള്ള പ്രതിഭാശാലികള്‍ എസ് സി/ എസ് ടി വിഭാഗങ്ങളില്‍ നിരവധി പേരുണ്ട്. പിന്നാക്കവസ്ഥ കാരണം ഇവരില്‍ പലര്‍ക്കും ഇളം പ്രായത്തില്‍ തന്നെ സ്‌കൂള്‍ പഠനം ഉപേക്ഷിക്കേണ്ടി വരുന്നു വെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇതിനു സുസ്ഥിര ഒരു പരിഹാരം കണ്ടെത്തുന്ന തിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പഠന മുറികളും സാമൂഹ്യ പഠന മുറികളും സ്ഥാപിക്കുക എന്ന ആശയം സര്‍ക്കാര്‍ അവതരിപ്പിച്ചത്. പഠിക്കാന്‍ പശ്ചാത്തല സൗകര്യമോ വീട്ടുകാരുടെ സഹായമോ ലഭിക്കാത്ത എസ്സി/ എസ്ടി വിഭാഗ ങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഈ മുറികളിലൂടെ അക്ഷര വെളിച്ചം ലഭിച്ചിരിക്കുകയാണിപ്പോള്‍. ഒട്ടേറെ വിനോദുമാര്‍ ഈ പഠനമുറികളുടെ വാതിലുകള്‍ കടന്ന് അറിവിന്റെ വെളിച്ചെത്തിലേക്കുള്ള പ്രയാണത്തിലാണ്. 

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 12,250 പഠനമുറികളും പട്ടികവര്‍ഗ വിദ്യാര്‍ത്ഥി കള്‍ക്ക് 250 സാമൂഹ്യ പഠനമുറികളുമാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചത്. 2021ല്‍ സംസ്ഥാനത്ത് ഇപ്പോഴുള്ളതിന് പുറമെ 8500 പഠന മുറികള്‍ കൂടി ആരംഭിക്കാനുള്ള ഒരുക്കങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിവരുന്നത്. പഠനമുറികള്‍ യാഥാർത്ഥ്യമായതോടെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഈ വിഭാഗ ങ്ങളിലെ നിരവധി കുട്ടികള്‍ക്ക് മികച്ച വിജയം നേടാനായി. കോവിഡ് കാരണം സ്‌കൂളുകളെല്ലാം അടഞ്ഞു കിടക്കുകുയം പഠനം ഓണ്‍ലൈനാകുകയും ചെയ്തതോടെ പിന്നാക്കവസ്ഥയിലുള്ള പല എസ് സി/ എസ് ടി മേഖലകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രയമായത് സാമൂഹ്യ പഠന മുറികള്‍ പോലുള്ള സംവിധാനമാണ്. സ്മാര്‍ട്ട് ടി വി, ഇന്റര്‍നെറ്റ്, കേബിള്‍ കണക്ഷനുകള്‍, മേശകള്‍ അടക്കം എല്ലാ പശ്ചാത്തല സൗകര്യങ്ങളും സ്ജ്ജീകരിച്ചവയാണ് ഈ മുറികള്‍. ഒരു ലക്ഷം രൂപയില്‍ താഴെ മാത്രം വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് വീടുകളില്‍ സര്‍ക്കാ രണ്ട് ലക്ഷം രൂപ ചെലവിട്ട് പഠന മുറികള്‍ ഒരുക്കിനല്‍കുന്നത്. 120 ചതുരശ്ര അടി വിസ്തൃതിയുള്ള മുറിയില്‍ കംപ്യൂട്ടര്‍, മേശ, കസേര, മതിയായ വെളിച്ചം, ഫാന്‍, കംപ്യൂട്ടര്‍ മേശ എന്നീ സൗകര്യങ്ങളും ഒരുക്കും. 

കോളനികളിലെ കമ്മ്യൂണിറ്റി ഹാളോ, മറ്റ് സമാന ഇടങ്ങളോ കണ്ടെത്തി കോളനി യിലെതന്നെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ പരിശീലനം നല്‍കി  ട്യൂട്ടര്‍ മാരായി തെരഞ്ഞെടുത്താണ് സാമൂഹ്യ പഠനമുറികളുടെ പ്രവര്‍ത്തനം. കുട്ടികളെ ഊരുകള്‍ക്ക് സമീപത്തെ സാധ്യമായ ഇടങ്ങളില്‍ ഒരുമിച്ചുകൂട്ടി പഠനത്തില്‍ സഹായിക്കുക, ട്യൂഷന്‍ നല്‍കുക എന്നിവയാണ് ട്യൂട്ടര്‍മാരുടെ ചുമതല. ലൈബ്രറി സൗകര്യവും ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം വീടുകളില്‍ സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് ഇവിടങ്ങളില്‍ ഒരുമിച്ചു കൂടാനും പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും കഴിയുന്നു. ഗൃഹപാഠങ്ങള്‍ ചെയ്യാനും സംശയ ങ്ങള്‍ തീര്‍ക്കാനും ട്യൂട്ടറുടെ സഹായവും ലഭിക്കും. മികച്ച പശ്ചാത്തല സൗകര്യം ഒരുക്കി നല്‍കിയതോടെ കുട്ടികളില്‍ പഠനത്തോട് ആഭിമുഖ്യവും വര്‍ധിച്ചു. 

സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് തടയുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പട്ടിക വിഭാഗങ്ങളില്‍ നിന്നുള്ള നിന്നുതന്നെയുള്ള അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെയാണ് ട്യൂട്ടര്‍മാരായി നിയമിക്കുന്നത്. ഇവര്‍ക്ക് ഓണറേറിയവും നല്‍കിവരുന്നു. ഇതുവഴി തൊഴില വസരവും സൃഷ്ടിച്ചു. വിദ്യാഭ്യാസമാണ് സാമൂഹിക മാറ്റത്തിനുള്ള അടിത്തറ. ആ വഴിയിലേക്ക് സമൂഹത്തെ വഴിനടത്തേണ്ടത് സര്‍ക്കാറിന്റെ ചുമതലയാണല്ലോ. എല്ലാവരും പഠിച്ച് വളരട്ടെ.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്

കുരുക്കഴിച്ച് റോഡുകളും പാലങ്ങളും

കെ ഫോണ്‍ പദ്ധതി