പവര്‍കട്ടില്ലാത്ത കേരളം; പ്രകാശം പരത്തി ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ

ജലവൈദ്യുതിയെ മാത്രം കാര്യമായി ആശ്രയിച്ചിരുന്ന കേരളത്തിന് വൈദ്യുതി ക്ഷാമം വലിയൊരു തലവേദന തന്നെയായിരുന്നു. പുറത്ത് നിന്നെത്തിക്കുന്ന വൈദ്യുതി ഉപയോഗിച്ചാണ് ഈ കുറവുകളെ നാം നികത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് പുറത്ത് നിന്ന് വൈദ്യുതി ഇങ്ങോട്ട് എത്തിക്കുക എന്നത് ചെലവേറിയതും വലിയ പ്രസരനഷ്ടത്തിനിടയാക്കുന്നതുമാണെങ്കിലും മറ്റു പോംവഴികളൊന്നും നമുക്കു മുമ്പിലുണ്ടായിരുന്നില്ല. എന്നാല്‍ ഈ അധികഭാരം വലിയ തോതില്‍ കുറക്കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗം അവഗണിക്കപ്പെട്ടു കിടപ്പുണ്ടായിരുന്നു. അതാണ് 148.3 കിലോമീറ്റര്‍ ദൂരമുള്ള ഇടമണ്‍-കൊച്ചി 400 കെ.വി പവര്‍ ഹൈവെ. പതിറ്റാണ്ടിലേറെ കാലം മുടങ്ങിക്കിടന്ന ഈ പദ്ധതി 2019 നവംബറില്‍ കമ്മീഷന്‍ ചെയ്തതോടെ കേരളം പവര്‍ കട്ട് മുക്തമായി മാറി. രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും ഈ വഴിയിലൂടെ കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള വഴിയുമൊരുങ്ങി. ഉദുമല്‍പേട്ട്-പാലക്കാട് പാതയെ കൂടുതല്‍ ആശ്രയിക്കാതെ തന്നെ ലാഭകരമായി ഇപ്പോള്‍ വൈദ്യുതി പുതിയ പായതിയിലൂടെ എത്തിക്കുന്നു. 

ഈ പുതിയ പവര്‍ ട്രാന്‍സ്മിഷന്‍ ശൃംഖല സംസ്ഥാനത്തിന്റെ ഊര്‍ജ്ജ ഇറക്കുമതി ശേഷിയെ 800 മെഗാവാട്ട് ശക്തിപ്പെടുത്തി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈദ്യുതി കൈമാറ്റം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും പ്രസരണ നഷ്ടം ഗണ്യമായി കുറക്കുന്നതിലും ഇടമണ്‍-കൊച്ചി വൈദ്യുത പാത വഴിയൊരുക്കി. ഇടമണ്‍-കൊച്ചി വൈദ്യുതി ഇടനാഴി കൊല്ലം (22 കിലോമീറ്റര്‍), പത്തംതിട്ട (47 കിലോമീറ്റര്‍), കോട്ടയം (95 കിലോമീറ്റര്‍), എറണാകുളം (28കിലോമീറ്റര്‍) ജില്ലകളിലൂടെ കടന്നുപോകുന്നു. ഇടമണ്‍-കൊച്ചി പവര്‍ ട്രാന്‍സ്മിഷന്‍ ലൈന്‍ കമ്മീഷന്‍ ചെയ്യാന്‍ കാത്തിരുന്ന സമയത്ത്, കൂടംകുളം ആണവ വൈദ്യുത നിലയത്തില്‍ നിന്നു  സംസ്ഥാനത്തിന്റെ പങ്ക് കൂടംകുളം-തിരുനെല്‍വേലി-ഉദുമല്‍പേട്ട്-മഡക്കത്തറ 400 കെവി ലൈനുകള്‍ വഴിയാണ് എത്തിച്ചിരുന്നത്. ഇടമണ്‍-കൊച്ചി ഇടനാഴിയേക്കാള്‍ 250 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതിനാല്‍ ഈ വഴി അധിക പ്രസരണ നഷ്ടമാണ് ഉണ്ടാക്കിയിരുന്നത്. ഇതു നികത്തുകയും കേരളത്തിലെ പ്രസരണ ശൃംഖലയില്‍ ശരാശരി 2 കെ.വി വര്‍ധനയും  സാധ്യമായി.

സര്‍ക്കാറിന്റെ കാര്യക്ഷമമായ ഇടപെടലാണ് പദ്ധതി പൂര്‍ത്തീകരണത്തിലേക്ക് നയിച്ചത്. 2005 ഓഗസ്റ്റില്‍ പദ്ധതിക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുകയും 2008 മാര്‍ച്ചില്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ലൈന്‍ നിര്‍മാണം ആരംഭിക്കുകയും ചെയ്തിരുന്നു. 2010ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ നടന്നുവരവേ സ്ഥലമേറ്റെടുക്കല്‍ പ്രശ്‌നങ്ങളില്‍ ഉടക്കി തടസ്സപ്പെട്ടു. 2011-16 കാലയളവില്‍ 21.5 ശതമാനം മാത്രമാണ് പൂര്‍ത്തീകരിക്കാനായത്. പിന്നീട് 2017ലാണ് പണി പുനരാരംഭിച്ചത്. സര്‍ക്കാര്‍ രണ്ടു വര്‍ഷത്തിനകം 93 ശതമാനം ജോലികളും പൂര്‍ത്തിയാക്കി പദ്ധതി 2019ല്‍ കമ്മീഷന്‍ ചെയ്തു.

പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചാണ് ഇതു സാധ്യമാക്കിയത്. ലൈന്‍ കടന്നു പോകുന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജിനും സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. ഇതുപ്രകാരം കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലായി 256 കോടി രൂപയുടെ നഷ്ടപരിഹാര പാക്കേജാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അനുയാത്ര

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്

ലോകോത്തര മാതൃക സൃഷ്ടിച്ച് പൊതുജനാരോഗ്യ രംഗം