സ്വപ്‌നങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി ലൈഫ് മിഷന്‍

വീടെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാനാകാതെയാണ് ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം ബ്ലോക്കിലെ ഉദയ കുമാര്‍ ഭാര്യ ഉഷയേയും രണ്ടു മക്കളേയും അനാഥരാക്കി കാന്‍സറെന്ന മഹാമാരിക്ക് കീഴടങ്ങിയത്. സ്വപ്‌ന സാക്ഷാത്കാരത്തിനു പിന്നാലെ പായുന്നതിനിടെ ഉദയകുമാറിനെ രോഗം കീഴ്‌പ്പെടുത്തുകയായിരുന്നു. ഉദയകുമാറിന്റെ മരണത്തോടെ പാതി പൂര്‍ത്തിയായ വീടിന്റെ പണിയും നിലച്ചു. ഇതിനെല്ലാമിടെ കാന്‍സര്‍ രോഗിയായി മാറിയ ഉഷയും ഭര്‍ത്താവിന്റെ മരണം കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷം മക്കളെ അനാഥരാക്കി യാത്രയായി. ഇതോടെ തീര്‍ത്തും ഒറ്റപ്പെട്ട രണ്ടു മക്കള്‍ക്ക് കയറിക്കിടക്കാന്‍ ഒരു വീടില്ലാത്ത സ്ഥിതിയായിരുന്നു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും ജീവനക്കാരുടേയും സുമനസ്സുകളുടേയും സഹായത്തോടെ വീടു പണി പൂര്‍ത്തീകരിച്ചതോടെ ഈ മക്കള്‍ക്ക് അതിജീവനത്തിന് കൈത്താങ്ങായി മാറിയത് സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്‍ ആയിരുന്നു. 

വീടില്ലാത്തവര്‍ക്കും ഭൂരഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക, അതോടൊപ്പം ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താന്‍ ഉതകുന്ന സൗകര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ലൈഫ് മിഷന്‍ സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടത്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ കേരളത്തിലുടനീളം രണ്ടര ലക്ഷത്തിലേറെ പേര്‍ക്ക് പുതിയ വീടുകള്‍ ഇതുവഴി ലഭിച്ചു. സ്വന്തമായി തൊഴില്‍ ചെയ്ത് ഉപജീവനം നിര്‍വഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളില്‍ മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങള്‍ ഉള്‍പ്പടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ക്രേന്ദ്രീകരിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകള്‍ ലഭ്യമാക്കുക എന്ന വിശാല ഉദ്ദേശ്യത്തോടെയാണ് ഈ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷ പദ്ധതി നടപ്പിലാക്കിവരുന്നത്. കുട്ടികളുടെ പഠനത്തിനും പ്രത്യേക പരിശീലനങ്ങള്‍ക്കും സൗകര്യം, സ്വയം തൊഴില്‍ പരിശീലനം, വയോജന പരിപാലനം, സ്വാന്തന ചികിത്സ, സമ്പാദ്യവും വായ്പ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുളള സംവിധാനം തുടങ്ങി ജീവിതവും ജീവിതനിലവാരവും മെച്ചപ്പെടുത്താന്‍ ഉതകുന്ന സഹായങ്ങളും സേവനങ്ങളും കൂട്ടിയിണക്കിക്കൊണ്ടാണ് പാര്‍പ്പിട സൗകര്യം ലഭ്യമാക്കുന്നത്.

ലൈഫ് മിഷനു കീഴില്‍ 2021 ജനുവരി 18 വരെ 2,51,046 വീടുകള്‍ പൂര്‍ത്തീകരിച്ചു. അര്‍ഹരായ എല്ലാവര്‍ക്കും വീട് എന്നതാണ് ലക്ഷ്യം. അതില്‍ത്തന്നെ ആര്‍ക്ക് ആദ്യം ലഭിക്കണം എന്നതിന് കൃത്യമായ മാനദണ്ഡം നിലവിലുണ്ട്. ശാരീരിക അസ്വാസ്ഥ്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, അഗതികള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ഭിന്നശേഷിക്കാര്‍, കിടപ്പു രോഗികള്‍, അവിവാഹിതരായ അമ്മമാര്‍, അപകടത്തില്‍പ്പെട്ട് ജോലി ചെയ്യാനാകാതെ കഴിയുന്നവര്‍, വിധവകള്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന നല്‍കിയത്. കുടിയേറ്റ തൊഴിലാളികള്‍ക്കു വേണ്ടിയുള്ള ഭവന സമുച്ചയങ്ങളും ഈ പദ്ധതിയിലൂടെ സാധ്യമാക്കി.

വീട് എന്ന സ്വപ്‌ന സാക്ഷാത്ക്കാരത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ലൈഫ്. ഒരു കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ജീവനോപാധി കണ്ടെത്തുന്ന സംവിധാനം കൂടി ഉള്‍പ്പെടുന്നതാണീ പദ്ധതി. വിവിധ സര്‍ക്കാര്‍ ഫണ്ടുകള്‍ക്കു പുറമെ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട്, സന്നദ്ധ സംഘനകളും വ്യക്തികളും നല്‍കിയ ഭൂമി, പൊതുസമൂഹത്തില്‍ നിന്നുള്ള സംഭാവന, സ്‌പോണ്‍സറിങ്, കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് തുടങ്ങി എല്ലാവരും കൈകോര്‍ത്താണ് ഈ ഭവനങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ലോകോത്തര മാതൃക സൃഷ്ടിച്ച് പൊതുജനാരോഗ്യ രംഗം

സാന്ത്വന സ്പര്‍ശവുമായി സാമൂഹിക സന്നദ്ധ സേന

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്