ഭക്ഷ്യഭദ്രതയും സുതാര്യതയും ഉറപ്പാക്കി പൊതുവിതരണ രംഗത്തെ മാറ്റങ്ങള്‍

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ പൊതുവിതരണ സംവിധാനം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സമ്പന്നരായവരും പുറത്തെ വിപണിയില്‍ നിന്ന് കൊള്ളവില കൊടുക്കാതെ വാങ്ങുന്ന ഭക്ഷ്യസാധനങ്ങളില്‍ പൊതുവിതരണ സംവിധാനത്തിന്റെ ഇടപെടല്‍ തീര്‍ച്ചയായുമുണ്ട്. എന്നാല്‍, മുന്‍കാലത്ത് നേരിട്ട് റേഷന്‍കടകളെ ആശ്രയിക്കാതിരുന്ന ഇടത്തരക്കാരും ഉയര്‍ന്ന വരുമാനമുള്ള ഇടത്തരക്കാരുമെല്ലാം ഇപ്പോള്‍ റേഷന്‍കടകളിലേക്ക് സങ്കോചമില്ലാതെ കടന്നുചെല്ലുന്നുണ്ടെന്ന് അറിഞ്ഞാലോ. ഇതൊരു അതിശയോക്തിയല്ല. ഗുണനിലവാരമുള്ള സേവനം ലഭിക്കുന്നിടത്തേക്ക് എല്ലാ വിഭാഗമാളുകളും കടന്നുചെല്ലും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ റേഷന്‍കടകളില്‍ വന്നിട്ടുള്ള മാറ്റം അത്രയും വലുതാണ്.

തന്റെ പത്തായത്തിലെ നെല്ല് പാവങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന ജന്മിയെപ്പോലെയിരിക്കുന്ന റേഷന്‍കടയുടമകള്‍ ഇന്നില്ല. സാധാരണക്കാരുടെ അവകാശങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇതോടൊപ്പം റേഷന്‍കട നടത്തിയിരുന്നവര്‍ നേരിട്ടിരുന്ന പ്രയാസങ്ങള്‍ക്കും പരിഹാരമായി. അഴിമതിക്ക് വഴിയൊരുക്കിയിരുന്ന വലിയൊരു പ്രശ്‌നമാണ് ഇതോടെ പരിഹരിക്കപ്പെട്ടത്. റേഷന്‍ വ്യാപാരികള്‍ക്ക് തീരെ തുച്ഛമായ കമ്മീഷനായിരുന്നു നല്‍കിയിരുന്നത്. റേഷന്‍ വ്യാപാരികള്‍ക്ക് മാന്യമായ പ്രതിഫലം ഉറപ്പാക്കി പ്രതിമാസം കുറഞ്ഞത് 18,000 രൂപ ലഭിക്കുന്ന പാക്കേജാണ് നടപ്പാക്കിയത്.

നാട് വലിയ ആപത്തുകള്‍ നേരിട്ടപ്പോഴും നവീകരിച്ച ഈ പൊതുവിതരണ സംവിധാനം കേരളത്തിലെ ഓരോ കുടുംബത്തിനും താങ്ങായി. മഹാമാരിക്കാലത്ത് രോഗഭീഷണിക്കു പുറമെ തൊഴിലും കൂലിയും നഷ്ടപ്പെട്ട് ജനങ്ങള്‍ വലിയ പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ റേഷന്‍കടകള്‍ വഴി നാല് കോടിയോളം കിറ്റുകളാണ് സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തത്. ഇത് കോവിഡ് കാലത്ത് കേരളത്തിന്റെ സാമ്പത്തിക മേഖലയെ പിടിച്ചുനിര്‍ത്തിയ ഘടകങ്ങളിലൊന്നാണ്.

റേഷന്‍കടകളില്‍ ചെല്ലുന്ന ആര്‍ക്കും മനസ്സിലാകും അവിടെ വന്നിട്ടുള്ള വലിയ വ്യത്യാസങ്ങള്‍. എല്ലാ റേഷന്‍കടകളിലും ഇ-പോസ് മെഷീനുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമാക്കിത്തീര്‍ത്തു. പുതിയ റേഷന്‍കാര്‍ഡിനും അനുബന്ധ സേവനങ്ങള്‍ക്കുമുള്ള അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി മാറ്റി. പുതിയ റേഷന്‍കാര്‍ഡിനും റേഷന്‍കാര്‍ഡ് സേവനങ്ങള്‍ക്കുമുള്ള നിയമങ്ങളും നടപടിക്രമങ്ങളും ലളിതമാക്കി. റേഷന്‍കാര്‍ഡിനു വേണ്ടി ഓഫീസുകള്‍ കയറിയിറങ്ങിയ ഓര്‍മയുള്ള ആര്‍ക്കും ഈ മാറ്റത്തിന്റെ പ്രാധാന്യം മനസ്സിലാകും. പരാതികളുണ്ടെങ്കില്‍ അതിവേഗം പരിഹരിക്കാന്‍ ഓണലൈന്‍ സംവിധാനം നിലവില്‍ വന്നു. അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുള്ള സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ രൂപീകരണം എടുത്തു പറയേണ്ടതാണ്. ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുകയെന്നതാണ് കമ്മീഷന്റെ ചുമതല. തദ്ദേശ സാഥാപനങ്ങളുടെ കൂടി സഹകരണത്തോടെയാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുക.

80 ലക്ഷത്തിലധികം റേഷന്‍കാര്‍ഡുകള്‍ പുതുക്കി നല്‍കി. അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ പുതിയ റേഷന്‍കാര്‍ഡ് ലഭിക്കുന്ന സംവിധാനം നിലവിലുണ്ട്. റേഷന്‍ പോര്‍ട്ടബിലിറ്റി സംവിധാനം നടപ്പിലാക്കി. കോവിഡ് കാലത്ത് കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കി. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും ആധാര്‍ അധിഷ്ഠിതമായി ഭക്ഷ്യധാന്യം വിതരണം ചെയ്തു. 

ഓരോ റേഷന്‍കടയ്ക്കും ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ആ റേഷന്‍കടയിലേക്ക് നേരിട്ടെത്തിക്കുന്ന പദ്ധതി നടപ്പാക്കിയതിലൂടെ വലിയൊരളവില്‍ കരിഞ്ചന്ത വില്‍പ്പനയും അഴിമതിയും ഒഴിവാക്കാന്‍ സാധിച്ചു.

കുറഞ്ഞനിരക്കിലോ, സൗജന്യമായോ ഭക്ഷണം വിതരണം ചെയ്യുന്ന കേന്ദ്രങ്ങള്‍ സംസ്ഥാനത്തെമ്പാടും തുറന്നിട്ടുണ്ട്. വിശപ്പ് സഹിച്ച് കഴിയുന്നവരില്ലാത്ത കേരളമെന്ന ആശയമാണ് ഇതുവഴി പ്രാവര്‍ത്തികമായത്. ആദിവാസി ഊരുകളിലേക്ക് നേരിട്ട് റേഷനെത്തിക്കുന്ന പദ്ധതി ഏഴ് ജില്ലകളില്‍ നടപ്പിലാക്കി.

ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്ന പൊതുവിതരണ സംവിധാനം ആരോഗ്യമുള്ള സമൂഹത്തിന്റെ ലക്ഷണമാണ്. ഭക്ഷണത്തില്‍ അഴിമതി കലര്‍ത്തുന്നത് ഏതൊരു സമൂഹത്തെയും അനാരോഗ്യത്തിലേക്ക് നയിക്കുന്നു. രാജ്യത്തെ ഏറ്റവും മികച്ച പൊതുവിതരണ സംവിധാനം നിലവിലുള്ള കേരളത്തെ കൂടുതല്‍ മികവിലേക്ക് കൊണ്ടുപോകുന്ന നയങ്ങളാണ് ഇപ്പോള്‍ നടപ്പാക്കി വരുന്നത്. 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അനുയാത്ര

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്

ലോകോത്തര മാതൃക സൃഷ്ടിച്ച് പൊതുജനാരോഗ്യ രംഗം