ലോക്ഡൗണ്‍: പ്രവാസികള്‍ക്ക് കരുതലായ കാലം

പത്തു വര്‍ഷമായി സൗദിയിലെ ഒരു വിദേശ കമ്പനിയില്‍ ഡ്രൈവറായിരുന്നു മലപ്പുറം ജില്ലക്കാരനായ ഹമീദ്. അനിയത്തിയുടെ വിവാഹത്തിന് നാടിലെത്തി തിരികെ പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് എല്ലാം തകിടം മറിഞ്ഞത്. സൗദി അറേബ്യയിലേക്കുള്ള രാജ്യാന്തര വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നു. എന്ന് തീരുമെന്നോ അവസാനിക്കുമെന്നോ അറിയാതെ ലോകം അടച്ചു പൂട്ടല്‍ ആരംഭിക്കുകയായിരുന്നു. ഓരോ രാജ്യങ്ങളും സ്വന്തം അതിര്‍ത്തികള്‍ അടച്ചു. പുറം രാജ്യക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിനിടയില്‍ ഹമീദിനെ പോലുള്ള പലരും പലയിടങ്ങളില്‍ കുരുങ്ങി.

ഒരു മാസത്തെ അവധിയായിരുന്നു കമ്പനി ഹമീദിന് നല്‍കിയിരുന്നത്. അനിയത്തിയുടെ വിവാഹവും മറ്റു തിരക്കുകളുമൊക്കെയായി പെട്ടെന്ന് അത് തീര്‍ന്നു പോയി. കയ്യിലുള്ള പണവും തീര്‍ന്നു. വിവാഹ ചെലവില്‍ കുറെയേറെ കടവും ബാക്കിയായി. തിരിച്ച് സൗദിയില്‍ എത്തിയാല്‍ അതെല്ലാം കൊടുത്തു വീട്ടാം എന്ന പ്രതീക്ഷയിലായിരുന്നു. ദിവസങ്ങള്‍ പിന്നെയും കഴിഞ്ഞു. പക്ഷേ, ഒന്നും പഴയപോലെ ആയില്ല. ഉടന്‍ മടങ്ങാനാകുമെന്ന് കണക്കു കൂട്ടി മാസങ്ങള്‍ കഴിഞ്ഞു. നാലാം മാസത്തില്‍ ഗള്‍ഫിലെ കമ്പനിയില്‍ നിന്ന് വിളി വന്നു. കമ്പനി താല്‍കാലികമായി അടച്ചു പൂട്ടുന്നു, ഇപ്പോള്‍ തിരികെ വരേണ്ട. ഭാവി ഒരു ചോദ്യചിഹ്നമായി അയാള്‍ക്കു മുന്നില്‍ നിഴലിച്ചു നിന്നു. 10 വര്‍ഷമായി കാര്യമായി ഒന്നും സമ്പാദിച്ചിട്ടില്ല. കിട്ടുന്നവ വീട്ടു ചെലവിന് പോലും തികയാത്ത നിലയിലായിരുന്നു. 

ഇത് ഹമീദിന്റെ മാത്രം കഥയല്ല. ലോക്ഡൗണിന് മുന്നേ നാട്ടിലെത്തി തിരികെ പോകാന്‍ കഴിയാത്തവരും ആ സമയം ഇവിടേക്ക് വന്നു ചേര്‍ന്നതുമായ പ്രവാസികള്‍ ഒത്തിരിയുണ്ട്. 2020 ഒക്ടോബര്‍ 5 വരെയുള്ള നോര്‍ക്കയുടെ കണക്കുകള്‍ പ്രകാരം അവരുടെ എണ്ണം 4,31,436 ആണ്. യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായിരുന്നു ഇതില്‍ കൂടുതല്‍. മലയാളി പ്രവാസി കുടുംബങ്ങളുടെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കുന്നതായിരുന്നു ഇവരുടെ മടങ്ങി വരവ്. 

മലയാള നാടിന്റെ പുരോഗതിക്ക് വലിയ സംഭാവനകള്‍ നല്‍കിയ പ്രവാസികളെ ദുരിത സമയത്ത് അവഗണിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കമായിരുന്നില്ല. സര്‍ക്കാര്‍ പ്രവാസികള്‍ കൊപ്പം നിന്നു. അവരെ ചേര്‍ത്തണച്ചു ആശ്വസിപ്പിച്ചു. വിവിധ ലോക രാജ്യങ്ങളില്‍ നോര്‍ക്ക ആരംഭിച്ച ഹെല്‍പ് ഡസ്‌ക്, അസുഖ ബാധിതര്‍ക്ക് ഓണ്‍ലൈന്‍ വൈദ്യോപദേശം, പ്രവാസി മലയാളികളുടെ രജിസ്‌ട്രേഷന്‍ എന്നിവ കോവിഡ് കാലത്ത് പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി. വിദേശ രാജ്യങ്ങളില്‍ ജോലി നോക്കുന്നവര്‍, തിരികെ എത്തിയവര്‍, നാടണയാനാകാതെ കുരുങ്ങി പോയവര്‍ എന്നിവരുടെ ക്ഷേമത്തിന് നോര്‍ക്ക റൂട്ട്‌സ് വഴി സര്‍ക്കാര്‍ സജീവമായി ഇടപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ അകപ്പെട്ട് നാട്ടിലേക്ക് തിരികെ എത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച വരെ തിരികെയെത്തിക്കാന്‍ 2020 മേയ് 7ന് ആരംഭിച്ച വന്ദേ ഭാരത് മിഷന്റെ ഭാഗമായി 1,056 വിമാനങ്ങള്‍ കേരളത്തില്‍ എത്തി. 2,034 ചാര്‍ട്ടേഡ് വിമാനങ്ങളും മലയാളികളുമായി കേരളക്കരയിലെത്തി. ഇതില്‍ 2,52,262 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടവരായിരുന്നു. ഇവരുടെ ജീവിതത്തില്‍ ക്രിയാത്മകവും ഫലപ്രദവുമായ ഇടപെടലുകള്‍ നടത്താന്‍ നോര്‍ക്ക റൂട്ട്‌സിന് കഴിഞ്ഞു. 

തൊഴില്‍ നഷ്ടപ്പെട്ട് തിരികെ പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപ വീതം അടിയന്തിര ധനസഹായം പ്രവാസികള്‍ക്ക് വലിയൊരു ആശ്വാസമായിരുന്നു. 1.75 ലക്ഷം അപേക്ഷകളാണ് ഇത്തരത്തില്‍ നോര്‍ക്ക റൂട്ട്‌സില്‍ ലഭിച്ചത്. ഇതു വരെ ആകെ 50 കോടി രൂപ നോര്‍ക്ക അടിയന്തിര ധനസഹായം വിതരണം ചെയ്യുകയുമുണ്ടായി. ഈ പ്രതിസന്ധി കാലത്ത് താല്‍കാലികമായെങ്കിലും പിടിച്ചു നില്‍ക്കാന്‍ നിരവധി പ്രവാസികള്‍ക്ക് വലിയ ആശ്വാസമായത് സര്‍ക്കാരിന്റെ ഈ ഇടപെടലുകളായിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സാന്ത്വന സ്പര്‍ശവുമായി സാമൂഹിക സന്നദ്ധ സേന

ലോകോത്തര മാതൃക സൃഷ്ടിച്ച് പൊതുജനാരോഗ്യ രംഗം

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്