കർഷക ക്ഷേമനിധി ബോർഡ്

 കർഷകരുടെ ക്ഷേമത്തിലൂടെ നാടിന്റെ പുരോഗതി ഉറപ്പ് വരുത്താനാവുമെന്നത് തർക്കമില്ലാത്ത കാര്യമാണ്. കർഷകർക്കായി ഒട്ടേറെ ക്ഷേമ പദ്ധതികളാണ് സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായി കേരളത്തിൽ കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കർഷക ക്ഷേമനിധി ബോർഡ് രൂപീകരിച്ചിരിക്കുകയാണ് സർക്കാർ.  കൃഷി ഉപജീവന മാർഗ്ഗമായി സ്വീകരിക്കുകയും മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്തതുമായ കർഷകർക്ക് ഈ പദ്ധതിയിൽ അംഗമാകാവുന്നതാണ്. കർഷകർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും ബോർഡ് ഉറപ്പു വരുത്തുന്നു. ചെയർമാനും ഡയറക്ടർമാരും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഉൾപ്പെടുന്നതാണ് കർഷക ക്ഷേമനിധി ബോർഡ്.  ഡോ. പി. രാജേന്ദ്രൻ ആണ് നിലവിലെ ചെയർമാൻ.


അംഗത്വം

 18 വയസ്സ് തികഞ്ഞതും എന്നാൽ 55 വയസ്സ് പൂർത്തിയാക്കുകയും ചെയ്യാത്ത മൂന്ന് വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവന മാർഗമായി സ്വീകരിച്ച കർഷകർക്ക് ഈ പദ്ധതിയിൽ അംഗമാകാവുന്നതാണ്. മറ്റെതെങ്കിലും ക്ഷേമനിധിയിൽ അംഗമാവാൻ പാടില്ലെന്ന നിബന്ധനയുണ്ട്. പദ്ധതിയിൽ അംഗത്വം ലഭിക്കുന്നതിന് ഓരോ കർഷകനും 100 രൂപ രജിസ്‌ടേഷൻ ഫീസായി ബാങ്കിൽ അടച്ച ചലാൻ,  100 രൂപയുടെ  കേരള കർഷക ക്ഷേമനിധി സ്റ്റാമ്പ്  പതിച്ച അപേക്ഷ എന്നിവയിൽ ഏതെങ്കിലും സഹിതം അപേക്ഷിക്കേണ്ടതാണ്.  ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.

നിയമ പ്രകാരം കർഷകൻ എന്നാൽ അഞ്ച് സെന്റിൽ കുറയാതേയും 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശം ഉള്ളതും അഞ്ച് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ളതും മൂന്ന് വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവന മാർഗമായി സ്വീകരിച്ചിട്ടുള്ളതുമായ വ്യക്തിയാണ്.  കൈവശമുള്ള ഭൂമിയുടെ,  ഉടമസ്ഥൻ, അനുമതി പത്രക്കാരൻ, ഒറ്റികൈവശക്കാരൻ, വാക്കാൽ പാട്ടക്കാരൻ, സർക്കാർ ഭൂമി പാട്ടക്കാരൻ, എന്നിവയിൽ ഏതുമാവാം. ഉദ്യാനകൃഷി, ഔഷധ സസ്യ കൃഷി, നർസറി നടത്തിപ്പ്, മത്സ്യം, അലങ്കാര മത്സ്യം, കക്ക, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, ആട്, മുയൽ, കന്നുകാലി തുടങ്ങിയവയുടെ പരിപാലനവും കാർഷിക ആവശ്യത്തിനുള്ള ഭൂമിയുടെ ഉപയോഗവും ഉൾപ്പെടുന്നതാണ് കൃഷി.

അംശദായം                                      

നിലവിൽ അംഗമാകുന്നവർ  മാസം തോറും മിനിമം 100 രൂപ അംശദായം അടക്കേണ്ടതാണ്. ആറ് മാസത്തെയോ ഒരു വർഷത്തെയോ തുക ഒന്നിച്ചടയ്കാനും സംവിധാനമുണ്ട്. അംശദായം ഓൺലൈനായും അടയ്ക്കാവുന്നതാണ്. 250 രൂപ വരെയുള്ള അംശദായത്തിന് തുല്ല്യമായ വിഹിതം സർക്കാർ കൂടി നിധിയിലേക്ക് അടയ്ക്കുന്നതായിരിക്കും. അതിനു മുകളീൽ എത്ര തുക വേണമെങ്കിലും കർഷകന് അംശദായമായി അടയ്ക്കാവുന്നതാണ്.

പെന്‍ഷന്‍

 അംഗങ്ങൾക്കുള്ള ക്ഷേമനിധി പെൻഷൻ  ലഭ്യമാണ്.  അഞ്ച് വർഷത്തിൽ കുറയാതെ അംശാദായം അടയ്ക്കുകയും ക്ഷേമനിധിയിൽ കുടിശ്ശികയില്ലാതെ അംഗമായി തുടരുകയും ചെയ്യുന്ന 60 വയസ് പൂർത്തിയായ കർഷകർക്ക് അംശാദായത്തിന്റെ ആനുപാതികമായി പെൻഷൻ ലഭിക്കുന്നതാണ്. കർഷക പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് തുടർന്ന് നിധിയിൽ നിന്നും പെൻഷൻ ലഭിക്കുന്നതാണ്. ക്ഷേമനിധിയിൽ കുടിശികയില്ലാത്തതും അഞ്ച് വർഷമെങ്കിലും അംശാദായം അടച്ചവരുമായ അംഗം മരണമടയുമ്പോൾ അംഗത്തിന്റെ കുടുംബത്തിന് കുടുംബ പെൻഷന് അർഹതയുണ്ടായിരിക്കുന്നതാണ്. പെൻഷൻ കൈപ്പറ്റിക്കൊണ്ടിരിക്കുന്നതിനിടെ അംഗം മരണപ്പെടുകയാണെങ്കിലും കുടുംബത്തിന് പെൻഷൻ ലഭിക്കുന്നതാണ്.  

മറ്റ് ആനുകൂല്യങ്ങൾ

അനാരോഗ്യം കാരണം കാർഷിക വൃത്തിയിൽ തുടരാൻ കഴിയാത്ത സാഹചര്യത്തിൽ കർഷകന് 60 വയസ്സു വരെ പ്രതിമാസം നിശ്ചിത തുക പെൻഷൻ ലഭിക്കും. അതിനു ശേഷവും സാധാരണ പോലെ പെൻഷന് അർഹത ഉണ്ടായിരിക്കുന്നതാണ്. രോഗമോ അപകടമോ കാരണം പൂർണ്ണമായ ശാരീരിക അവശതയും യാതൊരു ജോലിയും ചെയ്യാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകുമ്പോൾ അവശതാ ആനുകൂല്യത്തിനും അർഹത ഉണ്ടായിരിക്കും. കൂടാതെ അംഗങ്ങൾ ബോർഡ് തീരുമാനിക്കുന്ന ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ എന്നിവയിലും  ചേരേണ്ടതാണ്. ഈ ഇൻഷുറൻസ് പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കുവാൻ അർഹരല്ലെങ്കിൽ  അംഗങ്ങൾക്ക് പ്രത്യേക സഹായ ധനം നൽകും.  

വനിതാ അംഗങ്ങൾക്ക് പരമാവധി രണ്ട് തവണ പ്രസവാനുകൂല്യ ധനസഹായം ലഭിക്കുന്നതാണ്. അംഗങ്ങളുടെ പെണ്മക്കളുടെ വിവാഹത്തിന്  ബോർഡ് തീരുമാനിക്കുന്ന തുക ആനുകൂല്യമായി ലഭിക്കുന്നതാണ്.  അതുപൊലെ അംഗീകൃത സർവകലാശാലകളുടെ കീഴിൽ അഫിലിയേഷനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ അംഗീകൃത സ്ഥാപനങ്ങളിലും റഗുലർ കോഴ്‌സ് പഠിക്കുന്നതിന് മക്കൾക്ക് ആനുകൂല്യം ലഭിക്കുന്നതാണ്. അംഗങ്ങൾക്ക് മരണാനന്തര ആനുകൂല്യവും ലഭ്യമാക്കുന്നുണ്ട്.

കർഷകരുടെ ക്ഷേമത്തിനായി കാർഷിക ഇൻസെന്റിവും ഏർപ്പെടുത്തിയിട്ടുണ്ട്. നിധിയിലേക്കൂള്ള തുക സ്വരൂപിക്കുന്നതിനായി കർഷകനെ സഹായിക്കുന്നു.  കാർഷികോല്പന്നങ്ങൾ മൂല്യവർദ്ധിത ഉല്പന്നങ്ങളാക്കി മാറ്റി വ്യാപാരം നടത്തുന്ന ഓരോ വ്യാപാരിയും തന്റെ വാർഷിക ലാഭത്തിന്റെ ഒരു ശതമാനം തുക കാർഷിക ഇൻസെന്റീവായി നിധിയിലേക്ക് അടയ്ക്കും.

കൃഷിയിലേക്കിറങ്ങാൻ കേരളത്തിലെ ഓരോ പൗരനേയും പ്രേരിപ്പിക്കുന്ന പദ്ധതികളാണ് സർക്കാർ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അല്പം മണ്ണിൽ പോലും വിളവെടുത്ത് ഓരോ വീടും കാർഷിക വൃത്തിയുടെ ഭാഗമാകുന്നതോടെ പച്ചക്കറിയിലും നെൽകൃഷിയിലും നമുക്ക് സ്വയംപര്യാപ്തത കൈവരിക്കാനാവും.◼️




 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സാന്ത്വന സ്പര്‍ശവുമായി സാമൂഹിക സന്നദ്ധ സേന

ലോകോത്തര മാതൃക സൃഷ്ടിച്ച് പൊതുജനാരോഗ്യ രംഗം

ഊരുകളില്‍ തെളിഞ്ഞ അക്ഷര വെളിച്ചം