ഇൻസ്റ്റിറ്റ്യുട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി.
.
“ഈ തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരോ അരിയും ഞാൻ പെറുക്കിയെടുക്കും“ എന്ന സിനിമാ ഡയലോഗു പോലായി കാര്യങ്ങൾ. പെറുക്കിയെടുക്കുന്നത് അരിയല്ല. വൈറസിനെയാണെന്ന് മാത്രം. തോന്നയ്ക്കലിലേതു മാത്രമല്ല കേരളത്തിലെയും ചിലപ്പോ ലോകത്തിലെ ഏത് കോണിലേയും വൈറസുകളെ പെറുക്കിയെടുക്കാൻ ഒരു വൈറോളജി ഇൻസ്റ്റിറ്റ്യുട്ട് ഇതാ തോന്നയ്ക്കലിൽ. വായിച്ചു നോക്കൂ
ആദി കാലം മുതലേ നമ്മുടെ കേരളം ലോകസഞ്ചാരികൾക്ക് പ്രിയങ്കരമായിരുന്നു. വാസ്കോ ഡ ഗാമ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങുന്നതിനു മുമ്പ് തന്നെ മുസിരിസിലും പൊന്നാനിയിലുമുൾപ്പെടെ വിദേശികൾ എത്തിയിരുന്നതായി ചരിത്രം പറയുന്നു. അതുപോലെ കേരളീയർ തിരിച്ച് അന്യനാടുകളിലേക്ക് ചേക്കേറുന്ന പതിവും വർഷങ്ങൾക്കു മുമ്പേ ആരംഭിച്ചിരുന്നു. വിദേശ ഉല്പന്നങ്ങളോടൊപ്പം ലോകത്തിലെ ഏത് കാര്യവും കേരളത്തിലുമെത്തി. രോഗങ്ങൾ പോലും ഈ പതിവ് തെറ്റിച്ചില്ല. ഇന്നും ലോകത്തിലെ ഏതൊരു കോണിലുമുണ്ടാവുന്ന പകർച്ചവ്യാധികൾ മുറ തെറ്റാതെ കേരളത്തിലെത്തുന്നുണ്ട്. ലോകത്തെ പിടിച്ചുലച്ച കോവിഡ് ഇന്ത്യയിൽ തന്നെ ആദ്യമായി കേരളത്തിലാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നിട്ടും കേരളം കോവിഡിനെ ആദ്യ രണ്ട് ഘട്ടങ്ങളിൽ മികച്ച രീതിയിൽ പ്രതിരോധിച്ചു. മൂന്നാം ഘട്ടത്തിലും നമ്മൾ പിടിച്ചു നിൽക്കുന്നു. നിപ്പ എന്ന മാരക രോഗത്തെയും നമ്മൾ മികച്ച രീതിയിൽ പിടിച്ചു കെട്ടി. കേരളത്തിലെ മികച്ച രോഗപ്രതിരോധ സംവിധാനങ്ങളാണ് ഇതിനു സഹായിച്ചത്. രോഗം പടർത്തുന്ന അണുക്കളെ കുറിച്ച് പഠിക്കാനും അതിനനുസരിച്ച് പ്രതിരോധ സംവിധാനങ്ങൾ ഉയർത്താനും കഴിഞ്ഞാൽ കേരളം ആരോഗ്യരംഗത്ത് ലോകനിലവാരത്തിൽ ഇനിയും മുന്നേറുമെന്നത് തർക്കമില്ലാത്ത കാര്യമാണ്. ഈ പ്രതിരോധ സംവിധാനങ്ങളുടെ ശ്രേണിയിലേക്ക് അതിനു ചുക്കാൻ പിടിച്ചുകൊണ്ട് തിരുവനന്തപുരത്ത് തോന്നക്കലിൽ ആരംഭിച്ച സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി. കേരളത്തിന്റെ സ്വന്തമായ വൈറോളജി സ്ഥാപനമാണിത്. വൈറസുകൾ, വൈറൽ അണുബാധകൾ, അതിന്റെ ക്ലിനിക്കൽ വശങ്ങൾ എന്നിവയെ കുറിച്ച് പഠീക്കുന്ന സ്ഥാപനമാണിത്. വൈറോളജി ഗവേഷണ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം. മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
രോഗങ്ങളെ കൂറിച്ച് ആഴത്തിലുള്ള പഠനം നടത്താൻ കഴിയുന്ന ഒരു സ്ഥാപനം ഇതുവരെ കേരളത്തിൽ ഉണ്ടായിരുന്നില്ല. ഈ വലിയ ന്യൂനതയാണ് പരിഹരിക്കപ്പെട്ടത്. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഇങ്ങനെ ഒരു സ്ഥാപനം വേണമെന്ന വിദഗ്ദ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് വൈറോളജി ഗവേഷണ വികസന കേന്ദ്രം സ്ഥാപിച്ചത്. 2017 ൽ തന്നെ സ്ഥാപനം ആരംഭിക്കാൻ തിരുമാനിച്ചു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനെയാണ് ചുമതല ഏല്പിച്ചത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപ്പറേഷന് കീഴിലുള്ള ബയോ 360 ലൈഫ് സയൻസ് പാർക്കിൽ ഇതിനായി സ്ഥലം കണ്ടെത്തി. ആദ്യ ഘട്ട നിർമ്മാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറെറ്റിവ് സൊസൈറ്റിയെ ഏല്പിച്ചൂ. തുടർന്ന് സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള രൂപരേഖ തയ്യാറാക്കി. നിർമ്മാണം പൂർത്തിയായ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം 2019 ഫിബ്രവരി 19 ന് നടന്നു.
ഇപ്പോൾ സ്ഥാപനം പ്രവർത്തനസജ്ജമാണ്. ഗ്ലോബൽ വൈറോളജി നെറ്റ് വർക്കിൽ ഐ എ വിക്ക് ഇതിനകം അംഗത്വം ലഭിച്ചിട്ടുണ്ട്. ലോകത്തിലെ മറ്റ് ഏതൊരു വൈറോളജി സ്ഥാപനവുമായി സഹകരിച്ച് ഗവേഷണങ്ങൾ നടത്താൻ ഇത് സഹായിക്കും. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയിലെ വൈറോളജി വിഭാഗം മുൻതലവൻ ഡോ. അഖിൽ.സി. ബാനർജിയാണ് ഐ എ വി യുടെ ഡയറക്ടർ. പ്രശസ്ത വൈറോളജി ശാസ്ത്രഞ്ജൻ ഡോ. വില്യം ഹാൾ ഐ എ വി യുടെ ഉപദേഷ്ടാവാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. കൂടാതെ ഒരു പ്രിൻസിപ്പൽ സയന്റിസ്റ്റിനെയും നിയമിച്ചിട്ടുണ്ട്.
അഡ്മിനിസ്ടേറ്റിവ് ബ്ലോക്ക്, ബയോലാബ്, കോമൺ ഇൻസ്ട്രുമെന്റേഷൻ റൂം, ബയോസേഫ്റ്റി ലെവൽ സൗകര്യങ്ങൾ, ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ, റിസർച്ച് ലബോറട്ടറി എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പകർച്ചവ്യാധിക്കെതിരെ പ്രതിരോധം, വേഗത്തിൽ നടപടികളെടുക്കൽ, പൊതുജനങ്ങളെ എത്രയും വേഗം വിവരങ്ങൾ അറിയിക്കൽ, വൈറസിനെ തിരിച്ചറിയൽ, വൈറൽ ബാധിത രോഗങ്ങളുടെ നിർണ്ണയം തുടങ്ങിയ പ്രവർത്തനങ്ങൾ ഐ എ വി കൂടി ഏറ്റെടുക്കുന്നതോടെ കേരളം രോഗപ്രതിരോധ രംഗത്ത് ഇനിയും മുന്നേറുമെന്നുറപ്പാണ്. ആവശ്യമായ സയന്റിസ്റ്റുകൾ, മറ്റ് ടെക്നിക്കൽ സ്റ്റാഫ് എന്നിവരെ ഉടനെ നിയമിക്കും. ഇരുപതോളം അത്യാധുനിക ഉപകരണങ്ങളും ഇവിടെ സ്ഥാപിച്ചു കഴിഞ്ഞു.
കോവിഡ് മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ വൈറസുകളേയും, വൈറസ് അണുബാധകളേയും കുറിച്ച് ആഴത്തിൽ ഗവേഷണങ്ങൾ നടത്തുന്നതിനും ക്ലിനിക്കൽ വശങ്ങൾ അവലോകനം ചെയ്യുന്നതിനും മാത്രമായി ആധുനിക കേന്ദ്രം നമ്മുടെ നാട്ടിലും സജ്ജമായിരിക്കുകയാണ്. സാംക്രമിക രോഗങ്ങളേയും രോഗവ്യാപനങ്ങളേയും കുറിച്ച് കൂടുതൽ അറിവു നേടുന്നതിനും അവയെ പ്രതിരോധിക്കുന്നതിനും നമ്മൾ കൂടുതൽ കരുത്ത് നേടുമെന്നത് ഉറപ്പാണ്. രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് മുതൽക്കൂട്ടായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മാറുമെന്ന് പ്രത്യാശിക്കാം.
Super
മറുപടിഇല്ലാതാക്കൂ