അതിഥി തൊഴിലാളികൾക്കായി ആവാസ് ഇൻഷുറൻസ്


കേരളത്തിലെ തൊഴിൽമേഖല ഇന്ന് ഏറെ മാറി കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇന്ന് കേരളത്തിന്റെ തൊഴിൽ രംഗത്ത് അധ്വാന വർഗത്തിന്റെ ആണിക്കല്ലായി നില കൊള്ളുന്നത്. അവരില്ലാതെ നമ്മുടെ നിർമ്മാണ മേഖലയും ഹോട്ടൽ, സ്പാ, ഗാർഹിക തൊഴിൽ മേഖലകളും മുന്നോട്ട് പോവില്ലെന്ന സാഹചര്യമാണ് നിലവിൽ കേരളത്തിലുള്ളത്. കേരളത്തിന്റെ ഭാഗമായാണ് ഇതര സംസ്ഥാന തൊഴിലാളികളെ കാണുന്നത്. ഏത് സാഹചര്യത്തിലും കേരളീയര്‍ തങ്ങളെ സഹോദരഭാവത്തോടെയാണ് കാണുന്നതെന്ന തിരിച്ചറിവ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമുണ്ട് . കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുകയെന്നത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയുമാണ്. സ്വദേശികള്‍ക്കെന്നപോലെ പുറമെ നിന്ന് വന്ന് ഇവിടെ ജോലി ചെയ്യുന്നവര്‍ക്കും നിയമപരിരക്ഷയുണ്ട്. ഈ തൊഴിലാളികളെ അതിഥികളായി കണ്ട് ജനക്ഷേമ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ് കേരള സർക്കാർ. അതിനാൽ തന്നെ ഇവരുടെ ക്ഷേമത്തിന് വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് തൊഴിലെടുക്കാന്‍ എത്തുന്ന ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ആവാസ് എന്ന പേരില്‍ ഇന്‍ഷ്വറന്‍സ്-ചികിത്സാ പദ്ധതികള്‍ നടപ്പാക്കികഴിഞ്ഞു.. ഇതര സംസ്ഥാന തൊഴിലാളികളെ മൈഗ്രന്റ് ലേബേഴ്‌സ് എന്ന നിലയിലല്ല കേരളത്തിന്റെ സുസ്ഥിര വികസനത്തിന് മുതല്‍ക്കൂട്ടാകുന്ന ഗസ്റ്റ് വര്‍ക്കേഴ്‌സ്-അതായത് അതിഥികള്‍ എന്ന നിലയില്‍ കണ്ടുകൊണ്ട് അവര്‍ക്ക് സഹായമുറപ്പാക്കുന്ന ഒരു പദ്ധതിയാണിത്.

ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സംസ്ഥാനത്തെത്തുന്ന മുഴുവന്‍ അതിഥി തൊഴിലാളികളെയും അംഗങ്ങളായി ചേര്‍ക്കും. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത് ഉചിതമായിരിക്കുമെന്നുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി (ആവാസ്) ആരംഭിച്ചുകൊണ്ട് സര്‍ക്കാര്‍ 2016 ഒക്ടോബര്‍ 27-ന് ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാനങ്ങളുടെ അതിരുകള്‍ക്കപ്പുറത്ത് ഓരോ ഇന്ത്യന്‍ പൗരനേയും ഒന്നായി കണ്ടു കൊണ്ടുള്ള നീക്കമാണ് സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇദംപ്രഥമമായി ആരംഭിക്കുന്ന ഈ പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണ്.

സംസ്ഥാനത്ത് തൊഴില്‍ തേടിയെത്തുന്ന ഇതര സംസ്ഥാനക്കാരായ മുഴുവന്‍ അതിഥി തൊഴിലാളികള്‍ക്കും സൗജന്യ ഇന്‍ഷ്വറന്‍സും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ആവാസ്. പദ്ധതിയില്‍ എന്‍ റോള്‍ ചെയ്യപ്പെടുന്നതിലൂടെ സംസ്ഥാനത്ത് തൊഴിലെടുക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ കൃത്യമായ എണ്ണവും മറ്റ് വിവരങ്ങളും ഉള്‍ക്കൊള്ളുന്ന വിപുലമായ ഒരു ഡാറ്റാബാങ്ക് തയ്യാറാക്കി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാന്നും കഴിയും. ആരോഗ്യ ഇന്‍ഷ്വറന്‍സും 2,00,000/- രൂപയുടെ അപകടമരണ ഇന്‍ഷ്വറന്‍സുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഷ്വറന്‍സ് മോഡലില്‍ പദ്ധതി ആരംഭിച്ചിരിക്കുകയുമാണ്. ഇതോടൊപ്പം ജോലിക്കിടെ അപകടത്തില്‍ പെട്ട് അവശതയനുഭവിക്കുന്നവരും ജോലിയെടുക്കാന്‍ കഴിയാത്ത നിലയിലായവര്‍ക്കുള്ള ആശ്വാസ പദ്ധതിയും ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തുകഴിഞ്ഞു. നിലവിൽ 5,10000 തൊഴിലാളികൾ ആവാസിൽ ചേർന്നിട്ടുണ്ട്.

'ആവാസ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ നിര്‍ദ്ദേശം നല്‍കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം സാദ്ധ്യമാക്കുന്നതിനും എല്ലാ ജില്ലയിലും ജില്ലാ കളക്ടര്‍ ചെയര്‍മാനായും ജില്ലാ ലേബര്‍ ഓഫീസര്‍ കണ്‍വീനറായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി, ഫാക്ടറീസ് & ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ അംഗങ്ങളായും ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുമുണ്ട്. ആവാസ് പദ്ധതിയുടെ എന്റോള്‍മെന്റ് ക്യാമ്പുകളിലേയ്ക്കായി കുടുംബശ്രീ മിഷനില്‍ നിന്ന് ഫീല്‍ഡ് കീ ഓഫീസര്‍മാരെ നിയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുമുണ്ട്.

കേരളത്തില്‍ വിവിധ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും പഞ്ചിമബംഗാൾ, ബിഹാര്‍, ആസ്സാം, ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഏകദേശം 18 വയസ്സിനും 35 വയസ്സിനും മദ്ധ്യേപ്രായമുളള പുരുഷന്‍മാരാണ് കൂടുതലും ജോലി തേടിയെത്തുന്നത്. ഇവരില്‍ അധികവും നിര്‍മ്മാണ-ഹോട്ടല്‍-കൃഷി- ഗാര്‍ഹിക-പ്ലൈവുഡ് , സ്പാ, ബാര്‍ബര്‍ഷോപ്പ് ഉള്‍പ്പെടെയുള്ള മേഖലകളിലാണ് ജോലി ചെയ്യുന്നത്.

ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിലേക്കായി കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി എന്ന പേരില്‍ കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ കീഴില്‍ ഒരു പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളില്‍ 18 വയസ്സ് പൂര്‍ത്തിയായവരും 60 വയസ്സ് കഴിയാത്തവരുമായിട്ടുളളവര്‍ക്ക് ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവും ശുചിത്വവും സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനുമായി ഡെപ്യൂട്ടി ഡയറക്ടര്‍ (തദ്ദേശസ്വയംഭരണ വകുപ്പ്) ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ (കണ്‍വീനര്‍), ഫാക്ടറീസ് & ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ അംഗങ്ങളായി ഒരു ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. ജോലിക്കിടെ മരണപ്പെട്ടാൽ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുളള പദ്ധതിയും നിലവിലുണ്ട്. അതാത് ജില്ലാ ലേബർ ഓഫീസർക്കാണ് ഇതിന്റെ ചുമതല.

മെച്ചപ്പെട്ട കൂലിവ്യവസ്ഥയും ജീവിത സുരക്ഷയും ഉറപ്പുനല്‍കുന്ന സംസ്ഥാനം എന്ന നിലയില്‍ ഏറെപ്പേരാണ് ഓരോ മാസവും സംസ്ഥാനത്ത് വിവിധ തൊഴിലുകള്‍ക്കായി എത്തിച്ചേരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പുതിയ പദ്ധതികള്‍ കൂടി നടപ്പിലാകുന്നതോടെ ഇതു വര്‍ദ്ധിക്കുമെന്നുറപ്പാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്

കുരുക്കഴിച്ച് റോഡുകളും പാലങ്ങളും

കെ ഫോണ്‍ പദ്ധതി