അതിഥിതൊഴിലാളികള്‍ക്ക് തണലായി അപ്‌നാഘര്‍

 അതിഥിതൊഴിലാളികള്‍ക്ക് തണലായി  അപ്‌നാഘര്‍


സ്വന്തമായി ഒരു വീട്  എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ രാപ്പകൽ    അധ്വാനിക്കുന്ന മനുഷ്യരാണ് നമുക്ക് ചുറ്റും. വീടെന്ന നാലു ചുവരുകൾക്ക് നമ്മുടെ ശാരീരിക മാനസിക ആരോഗ്യം നിർണ്ണയിക്കുനതിൽ പ്രധാന പങ്കാണുള്ളത്.   കേരളത്തിന്റെ നിർമ്മാണ മേഖലയിലും മറ്റ് മേഖലകളിലും ജോലി ചെയ്യുന്ന നമ്മുടെ അതിഥി തൊഴിലാളികളും സ്വന്തമായി ഒരു കൊച്ചു വീടും മറ്റ് ചെറിയ സൗകര്യങ്ങളും നാട്ടിലുള്ള അവരുടെ ഉറ്റവർക്ക് ഒരുക്കുകയെന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനാണ് ഇവിടെ വന്ന് തൊഴിലെടുക്കുന്നത്. ഈ തൊഴിലാളികളിൽ ഭൂരിഭാഗവും ഒറ്റമുറിയിൽ കൂട്ടമായാണ് താമസിച്ചിരുന്നത്. വൃത്തിഹീനമായ പരിസരങ്ങൾ കാരണം തൊഴിലാളികൾക്കിടയിലെ രോഗങ്ങളും വർദ്ധിച്ച സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.  ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തിലെത്തിയ ഇവരെ അതിഥികളായാണ് കേരള സർക്കാർ പരിഗണിച്ചത്. അതിഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനായി നൂതനമായ പദ്ധതികളാണ് കേരള സർക്കാർ ആവിഷ്ക്കരിച്ചത്.  സ്വസ്ഥമായി താമസിക്കാനൊരിടം അതിഥി തൊഴിലാളികൾക്ക് ഒരുക്കുകയെന്നതായിരുന്നു പ്രധാന ലക്ഷ്യം.

 

തൊഴിലും നൈപുണ്യവും  വകുപ്പിന്റെ കീഴിൽ  'ഭവനം     ഫൗണ്ടേഷന്‍ കേരള' നടപ്പിലാക്കി വരുന്ന ഭവനപദ്ധതികളിലൊന്നായ 'അപ്നാഘര്‍' അത്തരത്തിലുള്ളതാണ്. അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ഹോസ്റ്റല്‍ രീതിയിലുളള പാര്‍പ്പിട സമുച്ചയമാണീ പദ്ധതി വഴി നടപ്പിലാക്കുന്നത്.  ഇതിന്റെ ആദ്യ സ്‌കീം പാലക്കാട് കഞ്ചിക്കോട് ആരംഭിച്ചു.  44200 സ്‌ക്വയര്‍ ഫീറ്റില്‍ 640 പേര്‍ക്ക് എല്ലാവിധ സൗകര്യങ്ങളുമുളള ഹോസ്റ്റലാണിവിടെ പണിതിരിക്കുന്നത്.

തൊഴില്‍ വകുപ്പിന്റെ കീഴിലുളള 'ഭവനം ഫൗണ്ടേഷന്‍ കേരള'-യിലൂടെ പണികഴിപ്പിച്ചിട്ടുള്ള ആദ്യ മന്ദിരമാണ് ഇവിടെ പൂര്‍ത്തിയായിട്ടുള്ളത്. മൂന്ന് ബ്ലോക്കുകളായാണ് ഈ മന്ദിരം നിര്‍മിച്ചിട്ടുള്ളത്. പത്തു പേര്‍ക്കുവീതം താമസിക്കാവുന്ന 62 മുറികള്‍ ഇവിടെയുണ്ട്. 32 അടുക്കള, എട്ട് ഊണുമുറി, വിശാലമായ കുളിമുറി, കേന്ദ്രീകൃത ഗ്യാസ് കണക്ഷന്‍, പ്ലേഗ്രൗണ്ട്, എന്നിവയ്ക്കു പുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി സംവിധാനവും ഇവിടെയുണ്ട്. അതായത്, നമ്മുടെ അതിഥിത്തൊഴിലാളികള്‍ക്കായി എല്ലാ സൗകര്യങ്ങളോടും സുരക്ഷയോടും കൂടിയ താമസസൗകര്യമാണ് നാം തയ്യാറാക്കിയിരിക്കുന്നത്. 

 


കോഴിക്കോട് ജില്ലയില്‍ ഇക്കഴിഞ്ഞ മൂന്നാം തീയതി അപ്‌നാഘര്‍ കിനാലൂര്‍ സ്‌കീം ഉദ്ഘാടനം ചെയ്തുകഴിഞ്ഞു. കെ.എസ്.ഐ.ഡി.സി ഇന്‍ഡ്‌സ്ട്രിയല്‍ ഗ്രോത്ത് സെന്ററില്‍ ഒരേക്കര്‍ ഭൂമിയില്‍  മൂന്നു നിലകളില്‍ 43600 ചതുരശ്രയടിയില്‍ 520 കിടക്കകളോട് കൂടിയ ഹോസ്റ്റല്‍ സമുച്ചയമാണ് ഭവനം ഫൗണ്ടേഷന്‍ കേരള വഴി തൊഴിലും നൈപുണ്യവും വകുപ്പ് നിര്‍മ്മിക്കുന്നത്.  അതിഥി തൊഴിലാളികള്‍ക്ക് മികച്ച നിലവാരത്തിലുള്ള താമസ സൗകര്യമാണൊരുക്കുന്നത്.

ഹോസ്റ്റല്‍ ശിലാസ്ഥാപന കര്‍മ്മം ഭവനം ഫൗണ്ടേഷന്‍ കേരള ചെയര്‍മാന്‍ കൂടിയായ തൊഴിലും നൈപുണ്യവും എക്‌സൈസും  മന്ത്രി  ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കിനാലൂര്‍ ഹോസ്റ്റലില്‍ റിക്രിയേഷന്‍ റൂമുകള്‍, അഗ്‌നിശമന സംവിധാനം, മഴവെള്ള സംഭരണം, ഖരമാലിന്യ നിര്‍മാര്‍ജന യൂണിറ്റ്, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയും തയാറാക്കും. രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്.   ഒന്നാം ഘട്ടമായി ഗ്രൗണ്ട് ഫ്‌ളോറും, മറ്റ് പൊതുവായ സൗകര്യങ്ങളും, രണ്ടാം ഘട്ടത്തില്‍ ശേഷിക്കുന്ന ജോലികളുമായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്.
 

തൊഴിലും - നൈപുണ്യവും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരളയ്ക്കാണ് അപ്നാഘർ  നിര്‍മാണ ചുമതല. ഈ മാതൃകയില്‍ തിരുവനന്തപുരം/ എറണാകുളം നഗരങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി പാര്‍പ്പിട സൗകര്യം നിര്‍മ്മിക്കുന്നതിനുളള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണ്.••

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വിദ്യാശ്രീ--എല്ലാവർക്കും ലാപ് ടോപ്

കുരുക്കഴിച്ച് റോഡുകളും പാലങ്ങളും

കെ ഫോണ്‍ പദ്ധതി