അനുയാത്ര
പൂർണ്ണരായവർ ഈ ലോകത്ത് ആരും തന്നെയില്ലെന്നാണ് മഹദ്വചനം.
പരിമിതികൾ മറച്ചുവെച്ച് ജീവിക്കുന്ന മനുഷ്യർക്കിടയിൽ പ്രത്യക്ഷമായ ഭിന്നശേഷികളോടെ ജീവിക്കുന്നവർ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ജീവിതത്തിൽ വിജയം നേടുന്നതിന് ചരിത്രം സാക്ഷിയാണ്. ശരീരത്തിലെ അവയവങ്ങളുടെ പൂർണ്ണത ജീവിതവിജയത്തിന്റെ അടയാളപ്പെടുത്തൽ അല്ലെന്നതും സത്യമാണ്. ഭിന്നശേഷിക്കാർക്ക് സാധാരണ ജീവിതം സാധ്യമാക്കിയാൽ അത് ഒരു സമൂഹത്തിന്റെതന്നെ പുരോഗതിയിൽ മുതൽക്കൂട്ടാവും. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി മുന്നിട്ടിറങ്ങുകയെന്നത് സർക്കാരിന്റെ കടമയുമാണ്. അവരുടെ ഇച്ഛാശക്തിയും കഴിവുകളും പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും പുരോഗതിയിലേക്ക് നയിക്കുന്നതിനുമായി ഒട്ടേറെ പദ്ധതികളാണ് സർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്നത്.ഭിന്നശേഷി മേഖലയില്‍ അനിവാര്യമായ ഇടപെടലുകള്‍ നടത്തുന്ന “അനുയാത്ര“ സമഗ്ര പദ്ധതി അത്തരത്തിലുള്ളതാണ്.
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ആണ് അനുയാത്ര നടപ്പാക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുതല്‍ പുനരധിവാസം വരെയുളള സമീപനമാണ് അനുയാത്ര. അന്താരാഷ്ട്ര കാഴ്ച്ചപ്പാടുകള്‍ക്കും സമീപനങ്ങള്‍ക്കും 2016-ലെ ഭിന്നശേഷി അവകാശ നിയമത്തിനും അനുസൃതമായാണ് അനുയാത്ര പദ്ധതികള്‍ ആസൂത്രണം ചെയ്ത് ഘട്ടംഘട്ടമായി നടപ്പാക്കുന്നത്. അനുയാത്രയുടെ ഭാഗമായി നിലവില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍
ഭിന്നശേഷിക്ക് കാരണമാകുന്ന അവസ്ഥകള്‍ പ്രതിരോധിക്കുകയെന്നത് പ്രധാനമാണ്. പ്രതിരോധത്തിന് ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സുമാര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നു.
നേരത്തേ കണ്ടെത്തൽ
ഭിന്നശേഷി എത്രയും നേരത്തെ കണ്ടെത്തുന്നതിനും അനുയോജ്യമായ ഇടപെടല്‍ നടത്തുന്നതിനുമായി സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളില്‍ (തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്) റീജിയണല്‍ ഏര്‍ളി ഇന്‍റര്‍വെന്‍ഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ക്രീനിംഗ്, ഏര്‍ളി ഇന്‍റര്‍വെന്‍ഷന്‍, പരിശീലനങ്ങള്‍ തുടങ്ങിയവ ഈ സെന്‍ററുകളിലൂടെ ലഭ്യമാക്കുന്നു.
ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍
ആധുനിക സൗകര്യങ്ങളോടുകൂടിയ ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങളും ആരംഭിക്കുന്നതാണ്.
മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍
തുടര്‍ച്ചയായ ചികിത്സ ഈ വിഭാഗത്തിലുളളവർക്ക് ആവശ്യമാണ്. എന്നാൽ ഗ്രാമപ്രദേശങ്ങളില്‍ ഉളളവർ ഉൾപ്പെടെ പലരും ജില്ലാ കേന്ദ്രങ്ങളില്‍ എത്തി ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ പ്രയാസപ്പെടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി 25 മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. 6 ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഒരു യൂണിറ്റ് എന്ന നിലയിലാണ് മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
കാതോരം
കേള്‍വിക്കുറവ് എത്രയും നേരത്തെ കണ്ടെത്തി ആവശ്യമായ ഇടപെടലുകളിലൂടെ പരിഹരിക്കുന്നതാണ് കാതോരം പദ്ധതി. ഒരു കുഞ്ഞ് ജനിച്ചയുടന്‍ തന്നെ കേള്‍വി പരിശോധന നടത്തുന്നതിനുളള സൗകര്യം സംസ്ഥാനത്തെ 62 സര്‍ക്കാര്‍ ഡെലിവറി പോയിന്‍റുകളിലുണ്ട്. കേള്‍വി പ്രശ്നമുളള കുട്ടികളെ കണ്ടെത്താൻ BERA സംവിധാനം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. കേള്‍വി പ്രശ്നം സ്ഥിരീകരിക്കുന്നവര്‍ക്ക് തുടര്‍ന്ന് വിദഗ്ധ വൈദ്യസഹായവും ശ്രവണ ഉപകരണങ്ങളും ലഭ്യമാക്കുകയും 18 മാസം പൂര്‍ത്തിയാകുന്നവർക്ക് ആവശ്യമെങ്കില്‍ കോക്ലിയാര്‍ ഇംപ്ലാന്‍റ് സര്‍ജറി നടത്തുന്നതിനുളള സൗകര്യവും തുടർചികിത്സയും ഉറപ്പാക്കുന്നു.
പ്രത്യേക മേഖലകളില്‍ സ്ഥിരം ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍
പട്ടികവര്‍ഗ്ഗ മേഖല, തീരദേശ മേഖല തുടങ്ങിയ മേഖലകളിലും സ്ഥിരം ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി അട്ടപ്പാടിയിലെ കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഒരു പ്രത്യേക ഡിസെബിലിറ്റി യൂണിറ്റ് പ്രവര്‍ത്തിച്ചുവരുന്നു.
ഹെല്‍പ്പ് ഡെസ്ക്
ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍റെ ഓഫീസില്‍ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നു. ഭിന്നശേഷികാര്‍ക്കായി പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍, അവയുടെ സേവനങ്ങള്‍, ക്ഷേമ പദ്ധതികള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ഈ കേന്ദ്രത്തിലൂടെ ലഭ്യമാക്കുന്നതാണ്. 1800 120 1001 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ ഈ സേവനം ലഭ്യമാണ്.
പ്രത്യേക അങ്കണവാടികള്‍
പ്രീ സ്കൂള്‍ തലത്തില്‍ തന്നെ ഭിന്നശേഷി കണ്ടെത്തി അനുയോജ്യമായ പരിചരണങ്ങള്‍ നല്‍കുന്നതിനായി വിദ്യാഭ്യാസ വിദഗ്ദ്ധരുടെ സേവനം ലഭ്യമാവുന്ന പ്രത്യേക അങ്കണവാടികൾ കോഴിക്കോട് ജില്ലയില്‍ പ്രവർത്തിക്കുന്നുണ്ട്.
മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്‍ററുകള്‍ (MCRC))
സെന്‍സസ് പ്രകാരം കേരളത്തില്‍ 28000 ത്തോളം ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ ഉണ്ടെന്നാണ് കണക്ക്. ഇത്തരം കുട്ടികള്‍ക്കായി ജില്ലാതലത്തില്‍ മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കുവാനും പദ്ധതിയുണ്ട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇവ സ്ഥാപിക്കുന്നത്.
സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ്
സ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാരിന്‍റെ തിരിച്ചറിയല്‍ കാര്‍ഡും നല്‍കി വരുന്നു.
വിവര വിദ്യാഭ്യാസ വ്യാപന പ്രവര്‍ത്തനങ്ങള്‍ - എം.പവര്‍
അനുയാത്രാ പദ്ധതിയുടെ ഗുണഫലങ്ങള്‍ അര്‍ഹതപ്പെട്ടവരില്‍ എത്തിക്കുന്നതിനായി വ്യാപകമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍കരണ പരിപാടികള്‍, എന്നിവ നടപ്പാക്കും..
പരിക്കുകള്‍ കാരണം ഉണ്ടാവുന്ന ഭിന്നശേഷി പ്രതിരോധം
സംസ്ഥാനത്ത് 53 % ദീര്‍ഘകാല ഭിന്നശേഷിയും വിവിധതരം അപകടങ്ങള്‍, വീഴ്ച്ചകള്‍ എന്നിവ കാരണമാണുണ്ടാവുന്നത്. ശാസ്ത്രീയ പരിചരണങ്ങള്‍ നല്‍കുന്നതിലൂടെ (ട്രോമാ കെയര്‍) ഈ അവസ്ഥ വലിയ അളവില്‍ കുറയ്ക്കാന്‍ കഴിയും. ആള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ പങ്കാളിത്തത്തോടെ ഇതിനായി ഡോക്ടര്‍മാർക്കും നേഴ്സുമാർക്കും പ്രായോഗിക പരിശീലനം നല്‍കിയിട്ടുണ്ട്.
പ്രോസ്തെറ്റിക് ആന്‍റ് ഓര്‍ത്തോട്ടിക് യൂണിറ്റ്
സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനായി പ്രോസ്തെറ്റിക് ആന്‍റ് ഓര്‍ത്തോട്ടിക് യൂണിറ്റ് തൃശൂരിലെ NIPMR ല്‍ ആരംഭിച്ചിട്ടുണ്ട്.
ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി
ഭിന്നശേഷിക്കാരായ കുട്ടികളെ പൂന്തോട്ടങ്ങൾ പരിപാലിക്കുന്ന ചികിത്സാ രീതിയിലൂടെ ശാക്തീകരിച്ച് അവരെ സ്വയം പര്യാപ്തതയിലേയ്ക്ക് എത്തിക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സ്പെക്ട്രം പദ്ധതി
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ 2018-19 മുതല്‍ ഓട്ടിസം കുട്ടികള്‍ക്കായി ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്ന സമഗ്ര പദ്ധതിയാണ് സ്പെക്ട്രം (SPECTRUM). ഓട്ടിസം സ്ക്രീനിംഗ്, അനുയോജ്യമായ ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍, ആധുനിക ചികിത്സാ സൗകര്യങ്ങള്‍, രക്ഷിതാക്കള്‍ക്കുള്ള പരിശീലനം, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിദഗ്ധ പരിശീലനം, വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഓട്ടിസം കുട്ടികളുടെ ആശയ വിനിമയ ക്ഷമത വികസിപ്പിക്കൽ ഓട്ടിസം കുട്ടികളുടെ നൈപുണ്യ വികസനം തുടങ്ങിയവയാണ് നടപ്പാക്കുന്നത്. 🕳️
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ