ദാക്ഷായണി ബിസ്കറ്റ് ഫാക്ടറി തുടങ്ങാൻ സർക്കാർ ചട്ടങ്ങളോട് ഏറ്റുമുട്ടുന്ന സേതുമാധവനെ മിഥുനം എന്ന സിനിമയിൽ മലയാളികൾ കണ്ടിട്ടുണ്ട്. മോഹൻലാൽ എന്ന നടൻ അനശ്വരമാക്കിയ ഈ കഥാപാത്രത്തെ മലയാളികൾ മറക്കാനും സാധ്യതയില്ല. ഈ സിനിമ കണ്ട് ഒരു വ്യവസായം തുടങ്ങാൻ എന്തൊക്കെ സർക്കാർ കടമ്പകൾ കടക്കണമെന്ന് നമ്മളിൽ ചിലർക്കെങ്കിലും തോന്നിയിട്ടുമുണ്ട്. എന്നാൽ സംസ്ഥാനത്ത് ആർക്കും വ്യവസായം തുടങ്ങാൻ സാധിക്കുന്ന വിധം ലളിതമാണ് ഇപ്പോൾ കാര്യങ്ങൾ. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുകയാണ് സർക്കാർ. വാണിജ്യ വ്യവസായാന്തരീക്ഷം മെച്ചപ്പെടുത്താൻ വളരെ ആത്മാർത്ഥമായ ചടുലമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
വ്യവസായവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലളിതമാക്കി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കൂടുതൽ കാര്യക്ഷമവും ഫലപ്രദവും സുതാര്യവുമായ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയാണ് സർക്കാർ. ഇതിനായി ഏതെല്ലാം മേഖലകളിലാണ് മാറ്റങ്ങൾ വരുത്തേണ്ടതെന്ന് കണ്ടെത്തുകയായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ വെല്ലുവിളികൾ വിജയത്തിലേക്കുള്ള മാർഗം തെളിക്കുകയായിരുന്നു. ഇനി മുതൽ വ്യവസായ സംരംഭങ്ങൾക്ക് ഒരാഴ്ച്ചക്കകം അനുമതി ലഭിക്കും. ഇതിനായി നിയമഭേദഗതി ഉൾപ്പെടെ സർക്കാർ പ്രാവർത്തികമാക്കി.
ഏകജാലക വെബ് അധിഷ്ഠിത പ്‌ളാറ്റ്‌ഫോം
സർക്കാർ ആദ്യം ചെയ്തത് കേരള സിംഗിൾ വിൻഡോ ഇന്റ്ർഫെയ്സ് ഫൊർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പാരന്റ് ക്ലിയറൻസ് (കെ സ്വിഫ്റ്റ്) എന്ന വെബ് അധിഷ്ഠിത ആപ്പ്ലിക്കേഷൻ വികസിപ്പിക്കുകയാണ്. സമയബന്ധിതമായി ലൈസൻസുകളും അംഗീകാരങ്ങളും ലഭ്യമാക്കുന്നതിനു വേണ്ടി സർക്കാരുമായുള്ള മുഴുവൻ ക്രയവിക്രിയങ്ങളും ആശയവിനിമയവും സാധ്യമാക്കുന്ന ഒരു പ്ലാറ്റ്ഫോം ആണിത്. നിലവിൽ 15 വകുപ്പുകൾ/ ഏജൻസികളുമായി ബന്ധപ്പെട്ട സേവനങ്ങൾ കെ സ്വിഫ്റ്റിൽ ലഭ്യമാണ്.
അങ്ങനെ സംരംഭം തുടങ്ങാനുള്ള നടപടികള്‍ കൂടുതല്‍ ലളിതമാവുകയാണ്. ലൈസന്‍സുകളും അനുമതികളും സമ്പാദിക്കാന്‍ ഇനി കാത്തിരിക്കേണ്ടി വരില്ല. ഒരു ലൈസന്‍സും എടുക്കാതെ തന്നെ വ്യവസായം തുടങ്ങാനും മൂന്ന് വര്‍ഷത്തേയ്ക്ക് നടത്താനുമുള്ള സാഹചര്യമാണൊരുങ്ങിയിരിക്കുന്നത്. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ അടുത്ത 6 മാസത്തിനകം എല്ലാ ലൈസന്‍സുകളും അനുമതികളും സമ്പാദിക്കണം.
നടപടിക്രമങ്ങള്‍ ഇങ്ങനെ:
· -സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തി നിശ്ചിത ഫോറത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തി ഒരു അപേക്ഷ സമര്‍പ്പിക്കണം.
· -ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് ആക്ട് പ്രകാരം കേരളത്തില്‍ നിലവിലുള്ള ജില്ലാ ബോര്‍ഡാണ് നോഡല്‍ ഏജന്‍സി. ഈ ബോര്‍ഡ് മുമ്പാകെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതിന്റെ അധ്യക്ഷന്‍ ജില്ലാ കളക്ടറും കണ്‍വീനര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരുമാണ്.
· -കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കാറ്റഗറി അനുസരിച്ച് ചുവപ്പ് പട്ടികയില്‍ വരാത്ത സംരംഭങ്ങള്‍ മാത്രമേ പരിഗണിക്കൂ. വൈറ്റ്, ഗ്രീന്‍, ഓറഞ്ച്, റെഡ് എന്നിങ്ങനെ മലിനീകരണ തോത് അനുസരിച്ച് സംരംഭങ്ങളെ തരംതിരിച്ചിട്ടുണ്ട്.
· -ഇത്തരത്തില്‍ പൂര്‍ണ്ണമായ അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ ജില്ലാ ബോര്‍ഡ് കൈപ്പറ്റ് രസീത് നിശ്ചിത ഫോറത്തില്‍ നല്‍കും.
· - ഈ രസീത് ലഭിച്ച് കഴിഞ്ഞാല്‍ അടുത്ത ദിവസം തന്നെ സംരംഭം തുടങ്ങാം. ഇതിന്റെ കാലാവധി 3 വര്‍ഷമാണ്.
· -കാലാവധി അവസാനിച്ചാല്‍ 6 മാസത്തിനുള്ളില്‍ നിയമപരമായി എടുക്കേണ്ട എല്ലാ ലൈസന്‍സുകളും ക്ലിയറന്‍സുകളും എടുത്തിരിക്കണം
· -സാക്ഷ്യപത്രത്തിലെ നിബന്ധനകള്‍ ലംഘിച്ചാല്‍ 5 ലക്ഷം രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും.
· -10 കോടി രൂപയില്‍ താഴെ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക. അതുകൊണ്ട് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് മാത്രമേ ഈ നിയമം ബാധകമാകുന്നുള്ളൂ.
· -നോഡല്‍ ഏജന്‍സിയുടെ തീരുമാനംമൂലം സങ്കടം അനുഭവിക്കേണ്ടി വരുന്ന ഏതൊരാള്‍ക്കും സംസ്ഥാന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് മുമ്പാകെ അപ്പീല്‍ നല്‍കാവുന്നതാണ്. ഇത് 30 ദിവസത്തിനുള്ളില്‍ നല്‍കണം. 30 ദിവസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കുകയും വേണം.
· കെ സ്വിഫ്റ്റ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം
നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോ
നൂറു കോടി വരെ മുതല്‍മുടക്കുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി നല്‍കുന്നതിനുള്ള നിയമ ഭേദഗതിയും നിലവില്‍ വന്നു. നിലവില്‍ ഈ നിയമപ്രകാരം 10 കോടി വരെ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ട. ഈ നിയമത്തില്‍ ഇതര വ്യവസായ സ്ഥാപനങ്ങള്‍ എന്ന കൂട്ടിച്ചേര്‍ക്കല്‍ വരുത്തിയാണ് 100 കോടി വരെയുള്ള സംരംഭങ്ങള്‍ തുടങ്ങാനുള്ള വ്യവസ്ഥകള്‍ ലളിതമാക്കിയത്. 2020 കേരള സൂക്ഷ്മ- ചെറുകിട- ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ (ഭേദഗതി) ഓര്‍ഡിനന്‍സ് പ്രകാരം, നിക്ഷേപം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയാല്‍ ഒരാഴ്ചയ്ക്കകം ആവശ്യമായ എല്ലാ അംഗീകാരവും നല്‍കും. ഈ അപേക്ഷകള്‍ പരിഗണിക്കാനും നടപടി വേഗത്തിലാക്കാനും നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോ എന്ന പേരില്‍ ഒരു സമിതിയും നിലവില്‍ വന്നിട്ടുണ്ട്.
വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനായി വിവിധ നിയമങ്ങള്‍ക്കനുസൃതമായി അംഗീകാരം ലഭിക്കാന്‍ നിര്‍ണയിക്കപ്പെട്ട ഫീസും പ്രഖ്യാപനവും സഹിതം സംയുക്ത അപേക്ഷയാണ് നല്‍കേണ്ടത്. അപേക്ഷകളില്‍ തീരുമാനം എടുക്കേണ്ടതും തുടര്‍ നടപടി സ്വീകരിക്കേണ്ടതും നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോ ആണ്. അപേക്ഷയില്‍ ഏഴ് പ്രവൃത്തി ദിവസത്തിനകം സമിതി തീരുമാനം എടുക്കണം. ഇതിനായി ആഴ്ചതോറും യോഗം ചേരണം. ബ്യൂറോയുടെ തീരുമാനം അപേക്ഷകനേയും ബന്ധപ്പെട്ട അധികാരസ്ഥാനങ്ങളെയും അറിയിക്കേണ്ടത് കേരള ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ സെല്ലാണ്. അപേക്ഷ അംഗീകരിച്ചാല്‍ അഞ്ച് വര്‍ഷം വരെ ലൈസൻസിന് സാധുതയുണ്ട്.
നേരത്തേ ഓരോ വർഷവും ലൈസൻസ് പുതുക്കണമായിരുന്നു. ഇനി അതിന്റെ ആവശ്യമില്ല. ബാങ്കിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ സാമ്പത്തിക സഹായം നേടാന്‍ സാധുവായ രേഖയായും ഇവ ഉപയോഗിക്കാം. അംഗീകാരം ലഭിച്ച് ഒരു വര്‍ഷത്തിനകം, ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന സാക്ഷ്യപത്രം നിക്ഷേപകന്‍ സമര്‍പ്പിക്കണം. സാക്ഷ്യപത്രം നല്‍കുന്നതിനുള്ള സമയം നീട്ടി ലഭിക്കാനും അപേക്ഷകന് ബ്യൂറോയെ സമീപിക്കാവുന്നതാണ്. ഒരു വര്‍ഷത്തില്‍ കൂടാതെ കാലാവധി നീട്ടി നല്‍കാം. ഈ കാലാവധിയും പാലിക്കാത്തപക്ഷം, മറുപടി തൃപ്തികരമല്ലെങ്കില്‍ മാത്രമേ അംഗീകാരം റദ്ദാക്കുകയുള്ളൂ.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ വ്യവസായങ്ങള്‍ക്ക് ഇളവ് ബാധകമല്ല. നെല്‍വയല്‍-തണ്ണീര്‍ത്തടസംരക്ഷണം നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കാനോ 2016 ലെ കേരള നഗര-ഗ്രാമാസൂത്രണ നിയമത്തില്‍ നിന്ന് വ്യതിചലിച്ചുള്ള ഭൂവിനിയോഗത്തിനോ അംഗീകാരം ഉപയോഗിക്കരുത്. ചട്ടങ്ങള്‍ ലംഘിച്ചാലോ നല്‍കിയ വിവരങ്ങള്‍ വ്യാജമെന്ന് തെളിഞ്ഞാലോ ഉടന്‍ അംഗീകാരം റദ്ദു ചെയ്യാനും നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോയ്ക്ക് അധികാരമുണ്ട്.
നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോയില്‍ വ്യവസായ വകുപ്പ് സെക്രട്ടറി, വ്യവസായ വാണിജ്യ ഡയറക്ടര്‍, കെഎസ്‌ഐഡിസി എം.ഡി., കിന്‍ഫ്ര എം.ഡി., കെ.ബിപ് സിഇഒ. എന്നിവരാണ് അംഗങ്ങള്‍. വ്യവസായ വകുപ്പിന്റെ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ചുമതലയുള്ള സെക്രട്ടറി, ബ്യൂറോയുടെ ചെയര്‍മാനായിരിക്കും. കെ.എസ്ഐഡിസി.എം.ഡിക്കാണ് സിഇഒയുടെയും കണ്‍വീനറുടെയും ചുമതല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ