പച്ചത്തുരുത്ത്
പച്ചത്തുരുത്ത്
എല്ലാം ഒരു വിരല്‍ത്തുമ്പിനപ്പുറത്ത് നേടാനാകുന്ന ആധുനികസൗക ര്യങ്ങളുള്ള നഗരങ്ങള്‍ വികസനത്തിന്റെ അടയാളമാണ്. കേരളത്തിലെ നാട്ടിന്‍പുറങ്ങള്‍ പോലും അതിവേഗ വികസനത്തിന്റെ പാതയില്‍ നഗരവത്ക്കരണത്തിന് വഴിമാറുകയുമാണ്. നഗരവല്‍ക്കരണത്തിലമര്‍ന്ന് നാടിന്റെ തനത് പ്രകൃതി ചവിട്ടിയരക്കപ്പെട്ടപ്പോള്‍ നല്ലൊരു നിശ്വാസത്തിനു പോലും നമുക്കിടമില്ലാതായി. ജനസംഖ്യാ വര്‍ദ്ധനവും അണുകുടുംബ സംവിധാനവും നഗരവല്‍ക്കരണവും കാരണം ഗ്രാമങ്ങളിലേതുള്‍പ്പെടെ വിശാലമായ സുന്ദര പ്രകൃതിയും ശുദ്ധവായുവും നമുക്ക് അന്യമായി. തങ്ങളുടെ ആവാസ ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട അമേരിക്കന്‍ ഭരണകൂടത്തോട് റെഡ് ഇന്ത്യന്‍ ഗോത്രതലവനായിരുന്ന സിയാറ്റില്‍ മൂപ്പന്‍ നല്‍കിയ മറുപടിയിലെ ചില വാക്കുകള്‍ പ്രസക്തമാവുന്നത് ഇവിടെയാണ്. ' ഈ വായു പവിത്രമാണ്. ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ഈ ആകാശവും ഈ മണ്ണിന്റെ ചൂടുമെല്ലാം നമുക്ക് മാത്രം സ്വന്തമല്ല. ഈ ഭൂമി ഒരു കച്ചവട ചരക്കുമല്ല.'' ഈ വാക്കുകളെ ഇന്നും ഓര്‍ത്തെടുക്കേണ്ടതുണ്ട്.
ഒരു പ്രദേശത്തെ ജീവികള്‍ക്കും ചെടികള്‍ക്കും ആ പ്രദേശത്തിന്റെ പരിസ്ഥിതിക്കും കാലാവസ്ഥക്കും ഇണങ്ങുന്ന പ്രത്യേകതകളുണ്ടാവും. എന്നാല്‍ നഗരങ്ങള്‍ വളരുന്നതിനൊപ്പം പരിചയമില്ലാത്തവര്‍ കടന്നുവരുന്നതു പോലെ ആ നാട്ടിലെ പ്രകൃതിയോട് തനതായി ചേര്‍ന്നു വളര്‍ന്നിരുന്ന സസ്യങ്ങളും വൃക്ഷങ്ങളും മണ്‍ മറഞ്ഞ് പകരം പ്രദേശത്തിനിണങ്ങാത്ത പുതിയ കുറേ ഇനം സസ്യങ്ങള്‍ ആ ഇടം കയ്യേറുകയാണ്. തനത് ജൈവ വ്യവസ്ഥ ഇല്ലാതാവുന്നതോടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു. ഈ വിപരീത പ്രവര്‍ത്തനങ്ങളെ മാറ്റി നിര്‍ത്തി പുതുതലമുറയില്‍ ജൈവ വൈവിധ്യ ചിന്ത സൃഷ്ടിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി പ്രകൃതിയെ തനിമയോടെ നിലനിര്‍ത്താന്‍ ഹരിതകേരളം മിഷന്‍ ആരംഭിച്ച നൂതന പദ്ധതിയാണ് പച്ചത്തുരുത്ത്. നഗരങ്ങളിലും ഗ്രാമങ്ങളി ലും ശുദ്ധവായു ശ്വസിക്കാനൊരിടമായി പച്ചതുരുത്തുകള്‍ വളരുകയാണ്.
പൊതുസ്ഥലങ്ങളിലുള്‍പ്പെടെ തരിശ് സ്ഥലങ്ങള്‍ കണ്ടെത്തി ആ പ്രദേശത്ത് നേരത്തേ ഉണ്ടായിരുന്ന വൃക്ഷങ്ങളും ചെടികളും നട്ടുപിടിപ്പിച്ച് സ്വാഭാവിക ജൈവ വൈവിധ്യ തുരുത്തുകള്‍ ഉണ്ടാക്കിയെടുത്ത് സംരക്ഷിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഇതിനായി സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. അരസെന്റോ അതില്‍ കൂടുതലോ വിസ്തൃതിയുള്ള പ്രദേശത്ത് പച്ചതുരുത്തുകള്‍ സ്ഥാപിക്കാം. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളുടെ ഭൂമി, പുറമ്പോക്കുകള്‍, നഗരഹൃദയങ്ങളിലും മറ്റും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പച്ചത്തുരുത്തിന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടൂണ്ട്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, സംസ്ഥാന സാമൂഹ്യ വനവല്‍ക്കരണ വകുപ്പ്, പൊതുമേഖലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വകയിരുത്തുന്നു. തുടര്‍പരിപാലനം തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉറപ്പ് വരുത്തുന്നുമുണ്ട്.
പോത്തന്‍കോട് വെങ്ങോടിലാണ് കേരളത്തിലെ ആദ്യ പച്ചത്തുരുത്ത്. ഇവിടെ ഔഷധ സസ്യങ്ങള്‍ വരെ നട്ടുവളര്‍ത്തുന്നുണ്ട്. സംസ്ഥാനത്ത് ഇന്ന് 590 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 1261 പച്ചത്തുരുത്തുകള്‍ ഉണ്ട്. എല്ലാ പച്ചത്തുരുത്തുകളുടേയും വിസ്തൃതി കൂട്ടിവെച്ചാല്‍ 453. 685 ഏക്കറായി. ഇതില്‍ ആകെ 1,69,552 വൃക്ഷത്തൈകള്‍ വളരുന്നുണ്ട്. ഇതിനു പുറമെ വള്ളിച്ചെടികളും കുറ്റിച്ചെടികളും ജൈവവേലിയും മറ്റ് ചെടികളും എണ്ണിയാലൊടുങ്ങാത്ത വിധം പടരുന്നു. ഏറ്റവും കൂടുതല്‍ പച്ചത്തുരുത്തുകള്‍ ഉണ്ടാക്കിയത് തിരുവനന്തപുരം ജില്ലയിലാണ്. ജില്ലയിലെ 79 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 253 പച്ചത്തുരുത്തുകളാണ് ഇവിടെ സൃഷ്ടിച്ചത്. ഓരോ പ്രദേശത്തും മുമ്പ് സമൃദ്ധമായിരുന്നതും പിന്നീട് അന്യം നിന്നു പോയതുമായ വൃക്ഷങ്ങളെയും ചെടികളെയും കണ്ടെത്തി പച്ചത്തുരുത്തുകളില്‍ നട്ട് വളര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നമ്മുടെ നാടിനെ പച്ചപ്പിന്റെ സ്വര്‍ഗമാക്കുമെന്ന് പ്രതീക്ഷിക്കാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ